ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനായി ചേർന്ന തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കര്‍ പി. ധനപാൽ തള്ളിയതോടെ പ്രകോപിതരായ ഡി.എം.കെ അംഗങ്ങൾ ഡയസിൽ കയറി. സ്പീക്കറുടെ കസേര തകർക്കുകയും പേപ്പറുകൾ കീറിയെറിയുകയും മൈക്ക് തകർക്കുകയും ചെയ്തു. ഇതിനിടെ ഡി.എം.കെ എം.എൽ.എയായ കു.ക സെൽവം സ്പീക്കറുടെ കസേരയിൽ ഇരുന്നു. സഭയിലെ പ്രായം കുറഞ്ഞ അംഗവും ഡോക്ടറുമായ പൂങ്കോത അല്ലാഡി അരുണ അംഗങ്ങളുടെ ബെഞ്ചിന് മുകളിൽ കയറി നിന്നു.
രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ രഹസ്യ ബാലറ്റ് വഴി വോട്ടെടുപ്പ് നടത്തണമെന്ന് മുൻ മുഖ്യമന്ത്രി ഒ. പന്നീർശെൽവം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രഹസ്യ ബാലറ്റ് എന്ന ആവശ്യം സ്പീക്കർ തള്ളുകയായിരുന്നു. ഇതിനിടെ എം.എൽ.എമാർക്ക് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ച സ്പീക്കർ വേണ്ട നടപടിക്ക് നിർദേശം നൽകി.
എം.എൽ.എമാരെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ പാർലമെന്‍ററി പാർട്ടി നേതാവ് എം.കെ സ്റ്റാലിൻ സഭയിൽ ബഹളം വെച്ചു. തടവുപുള്ളികളെ പോലെ എം.എൽ.എമാരെ പൊലീസിന്‍റെ നിരീക്ഷണത്തിലാണ് സഭയിൽ എത്തിച്ചതെന്നും സ്റ്റാലിൻ ആരോപിച്ചു. പന്നീർശെൽവത്തിനെ സംസാരിക്കാൻ അനുവദിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
എന്നാൽ, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സ്റ്റാലിന് സംസാരിക്കാൻ അനുമതി നൽകി. ജനാധിപത്യം ഉയർത്തി പിടിക്കാൻ രഹസ്യ ബാലറ്റ് വേണമെന്ന് സ്റ്റാലിൻ പറഞ്ഞു. ശേഷം പന്നീർശെൽവത്തിന് സംസാരിക്കാനും സ്പീക്കർ അനുമതി നൽകി. എം.എൽ.എമാരെ തടങ്കലിൽ പാർപ്പിച്ചെന്നും സ്വന്തം മണ്ഡലത്തിലേക്ക് എം.എൽ.എമാരെ മടങ്ങാൻ അവസരം നൽകണമെന്നും പന്നീർശെൽവം ആവശ്യപ്പെട്ടു. ജനങ്ങളുടെ ശബ്ദം എം.എൽ.എമാരിലൂടെ സഭയിൽ മുഴങ്ങണമെന്ന് പന്നീർശെൽവം പറഞ്ഞു.
വോട്ടെടുപ്പ് ഏതു വിധത്തിൽ വേണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം തനിക്കുണ്ടെന്ന് സ്പീക്കര്‍ പി. ധനപാൽ സഭയെ അറിയിച്ചു. ഇതേതുടർന്ന് ഡി.എം.കെ എം.എൽ.എമാർ സ്പീക്കറെ ഘെരാവോ ചെയ്ത് സഭാ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചു.
അതേസമയം, വിശ്വാസ വോട്ടെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടഞ്ഞത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. മാധ്യമപ്രവർത്തകർ നിയമസഭക്ക് പുറത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
പളനിസാമി സർക്കാറിനെതിരെ വോട്ട് ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് എം.എൽ.എമാർക്ക് നിർദേശം നൽകിയിരുന്നു. പ്രതിപക്ഷ കക്ഷിയായ ഡി.എം.കെയും മുസ് ലിം ലീഗും സർക്കാറിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മന്ത്രിസഭ രൂപീകരിക്കാൻ പളനിസാമിയെ ക്ഷണിച്ച ഗവർണർ സി. വിദ്യാസാഗർ റാവു വിശ്വാസവോട്ട് തേടാൻ നിർദേശിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് പളനിസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.