SIR tamilnadu
ന്യൂഡൽഹി: തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) മുഖേന ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) 2026 ഫെബ്രുവരി 23-ന് സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്.ഐ.ആർ പ്രക്രിയ പൂർത്തിയാക്കി തമിഴ്നാട്ടിൽ പുറത്തിറക്കിയ അന്തിമ വോട്ടർപട്ടികയിൽ 5.67 കോടി വോട്ടർമാരാണ് നിലവിൽ ഉള്ളത്. ഇതിൽ 74,07,207 വോട്ടർമാരെ നീക്കിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അർച്ചന പട്നായിക് അറിയിച്ചു. 2025ൽ 6.41 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ആകെയുള്ള 5,67,07,380 വോട്ടർമാരിൽ പുരുഷന്മാർ 2,77,38,925, സ്ത്രീകൾ 2,89,60,838, മൂന്നാം ലിംഗക്കാർ 7,671 എന്നിങ്ങനെയാണ്.
ഫോറം 6 വഴി 27,53,796 പേരെ പുതുതായി ചേർത്തു. വോട്ടർപട്ടികയിൽ പേര് ചേർക്കാനോ തിരുത്താനോ ഇനിയും അപേക്ഷിക്കാമെന്നും തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. അന്തിമ പട്ടികയിലും പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതലുള്ളത് എന്ന പ്രവണത തുടരുകയാണ്. പുതിയ വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി ആകെ 27,85,195 അപേക്ഷകൾ ലഭിച്ചു. പരിശോധനയ്ക്ക് ശേഷം, 27,53,796 വോട്ടർമാരെ അന്തിമ പട്ടികയിൽ ചേർത്തു.
നവംബർ മുതൽ ആരംഭിച്ച മുഴുവൻ SIR പ്രക്രിയയിലും ഏകദേശം 70 ലക്ഷം പേരാണ് വെട്ടിമാറ്റിയത്. നിയമസഭാ മണ്ഡലങ്ങളിൽ, ചെങ്കൽപ്പട്ട് ജില്ലയിലെ ഷോലിംഗനല്ലൂരിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്, 5,36,991 പേർ. ചെന്നൈയിലെ ഹാർബർ മണ്ഡലത്തിലാണ് ഏറ്റവും കുറവ്, 1,16,896 പേർ. ഏപ്രിൽ-മേയ് മാസങ്ങളിലായാവും തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.