ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ. തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് മന്ത്രി എസ്. കീർത്തനയ്ക്ക് എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല.
നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കീർത്തനയുടെ പേര് വിളിച്ചപ്പോൾ വേദിയിലെത്തിയെങ്കിലും, ചട്ടപ്രകാരമുള്ള സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നില്ല. സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത സാഹചര്യത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഉദ്യോഗസ്ഥർ അനുമതി നിഷേധിക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് പിന്നീട് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എം.എൽ.എമാർ സർട്ടിഫിക്കറ്റ് നിർബന്ധമായും കൊണ്ടുവരണമെന്ന് സർക്കാർ നേരത്തെ തന്നെ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
വേളച്ചേരി ടി.വി.കെ എംഎൽഎ ആർ. കുമാർ സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോഴും ആശയക്കുഴപ്പമുണ്ടായി. കുമാർ സമർപ്പിച്ച സർട്ടിഫിക്കറ്റിൽ മറ്റൊരു വ്യക്തിയുടെ പേരായിരുന്നു ഉണ്ടായിരുന്നത്. തന്റെ തൊട്ടടുത്തിരുന്ന സഹപ്രവർത്തകന്റെ സർട്ടിഫിക്കറ്റ് മാറി എടുത്തതായിരുന്നു ഇതിന് കാരണം. ഉടൻ തന്നെ അദ്ദേഹം സീറ്റിലേക്ക് മടങ്ങിപ്പോയി സ്വന്തം സർട്ടിഫിക്കറ്റ് എടുത്തു നൽകുകയും സത്യപ്രതിജ്ഞ പൂർത്തിയാക്കുകയും ചെയ്തു. വേളച്ചേരിയിൽ നിന്നും 33,305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുമാർ വിജയിച്ചത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള എല്ലാ എം.എൽ.എമാരും ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ ഒൻപതാം റാങ്കുള്ള മന്ത്രിയാണ് കീർത്തന. ശിവകാശി നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ അശോകനെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കീർത്തന നിയമസഭയിലെത്തിയത്.
തമിഴ്‌നാട് നിയമസഭയുടെ നിലവിലെ അംഗബലം 233 ആണ്. മുഖ്യമന്ത്രി വിജയ് പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചിരുന്നു. ഇതിൽ തിരുച്ചി ഈസ്റ്റ് സീറ്റ് അദ്ദേഹം രാജിവെച്ചു. തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ കീർത്തനക്ക് എം.എൽ.എ ആയി ഔദ്യോഗികമായി ചുമതലയേൽക്കാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.