ചെന്നൈ: കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നുപോകില്ല. അത്തരമൊരു ചരിത്രത്തിനാണ് തമിഴകം ഇന്ന് സാക്ഷ്യം വഹിച്ചത്. 120 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ടി.വി.കെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയത്. 'സി. ജോസഫ് വിജയ് എൻ റും നാൻ...' എന്ന മുഴുവൻ പേരും ആർജവത്തോടെ എടുത്തുപറഞ്ഞ് സത്യപ്രതിജ്ഞയിലെ ആദ്യ വാചകം എടുത്തുകാണിക്കുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യം മാത്രമല്ല, ഒരു പൊളിറ്റിക്കൽ മാസ്സ് കൂടിയാണ്.
പേരിന്റെ പൂർണ്ണരൂപം പറഞ്ഞതോടെ ഉയർന്ന സദസ്സിലെ കരഘോഷം മിനിറ്റുകളോളം നീണ്ടുനിന്നു. ആ പേര് ജനാധിപത്യ ഹൃദയങ്ങളിൽ അതിരുകളില്ലാത്ത ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് പകർന്നുതന്നത്. സദസ്സിൽ ഉണ്ടായിരുന്നവർ നിർത്താതെ കൈയടിച്ചു. അതിനുമുണ്ട് കാരണം. ജോസഫ് വിജയ് എന്ന് പേരിനെ രാഷ്ട്രീയ ആയുധമായി സംഘ്പരിവാർ പ്രയോഗിച്ചപ്പോൾ പ്രതിരോധം തീർക്കുകയും മതനിരപേക്ഷതക്കും ഭരണഘടനാമൂല്യങ്ങൾക്കുമായി നിലകൊണ്ടവരാണ് ആ കൈയടിച്ചവർ.
അതിനെ കുറിച്ച് അറിയണമെങ്കിൽ ഒന്ന് തിരിഞ്ഞു നടക്കണം, 2017ൽ പുറത്തിറങ്ങിയ 'മെർസൽ' എന്ന വിജയ് ചിത്രത്തിൽ കേന്ദ്രം നടപ്പാക്കിയ ജി.എസ്.ടി, ഡിജിറ്റൽ ഇന്ത്യ എന്നിവയെ വിമർശിച്ചിരുന്നു. ഏഴു ശതമാനം ജി.എസ്.ടിയുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യമാണെന്നും 28 ശതമാനം ജി.എസ്.ടിയുള്ള ഇന്ത്യയിൽ എന്തുകൊണ്ട് ഇത് സാധിക്കുന്നില്ലെന്ന ഡയലോഗുകൾ ആരാധകരെ കോരിത്തരിപ്പിച്ചെങ്കിലും കേന്ദ്രസർക്കാറിന് അത്ര രസിച്ചില്ല.
ബി.ജെ.പി ദേശീയ സെക്രട്ടറിയായിരുന്ന എച്ച്. രാജ വിജയിയുടെ മതം വലിച്ചിഴച്ച് വിവാദത്തിന് തുടക്കമിട്ടു. ദളപതിയുടെ തിരിച്ചറിയൽ രേഖയുടെ ചിത്രവും പങ്കുവെച്ചു. സംഘ്പരിവാർ അനുകൂലികൾ സമൂഹമാധ്യമങ്ങൾ വിജയിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടത്തി. വർഗീയത പടർത്തുന്ന വിധത്തിൽ വിജയ് എന്നല്ല ജോസഫ് വിജയ് എന്ന് പറയണമെന്ന് പ്രചാരണം നടത്തി. ദളപതിയെ സ്നേഹിക്കുന്നവരും സംഘപരിവാർ വിരുദ്ധരും അന്ന് പ്രതിരോധം തീർത്തു.
സംഘപരിവാറിന്റെ വേട്ടയാടൽ അതുകൊണ്ടും തീർന്നില്ല. 2020ൽ ആദായനികുതി വകുപ്പിന്റെ 30 മണിക്കൂർ നീണ്ട പരിശോധനയും നടന്നു. 'ബിഗിൽ' എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. പിന്നീട് നടന്ന പരിശോധനകളിലെല്ലാം നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 'ജനനായകൻ' എന്ന വിജയിയുടെ അവസാനത്തെ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകാതിരുന്നത്.
ടി.വി.കെ അധികാരത്തിലെത്താതിരിക്കാൻ ഗവർണറുടെ വക നടന്ന നാടകങ്ങൾ വേറെയും. അതിനെയും അതിജീവിക്കാൻ ദളപതിക്കായി. ഇതടക്കം മനസ്സിലുള്ളതുകൊണ്ടാണ് സിനിമാ ഡയലോഗുകളേക്കാൾ ശക്തിയുള്ള 'സി. ജോസഫ് വിജയ് എൻ റും നാൻ...' എന്ന പ്രയോഗം കാലത്തിന്റെ കാവ്യനീതിയാകുന്നത്. ജനാധിപത്യ സൗന്ദര്യത്തിന്റെ വേറിട്ട മുഖമായി തമിഴ് മണ്ണ് ലോകത്തിന് മുന്നിൽ ജ്വലിച്ചുനിൽക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.