ഇതരമതസ്ഥനുമായി വിവാഹം: ഉത്തർപ്രദേശിൽ യുവതിയെ പിതാവിന്റെ തടവിൽനിന്ന് മോചിപ്പിച്ച് ഹൈക്കോടതി
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇതരമതത്തിൽപ്പെട്ടയാളെ വിവാഹം ചെയ്തതിന്റെ പേരിൽ പിതാവിന്റെ കസ്റ്റഡിയിൽ തടവിലാക്കപ്പെട്ട യുവതിയെ മോചിപ്പിച്ച് അലഹബാദ് ഹൈക്കോടതി. 26 വയസ്സുകാരിയായ സോനിക ചൗഹാനെയാണ് ഭർത്താവ് അക്ബർ ഖാനൊപ്പം പോകാൻ ജസ്റ്റിസ് സന്ദീപ് ജെയിൻ ഉത്തരവിട്ടത്.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കോടതി പുറപ്പെടുവിച്ച നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന സർക്കാർ സോനികയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനുശേഷമാണ് ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിയിൽ നേരിട്ട് ഹാജരായ സോനിക തനിക്ക് 26 വയസ്സുണ്ടെന്നും ബിരുദധാരിയാണെന്നും വ്യക്തമാക്കി. താൻ സ്വമേധയാ ആണ് അക്ബർ ഖാനെ വിവാഹം കഴിച്ചതെന്നും അദ്ദേഹത്തോടൊപ്പം ജീവിക്കാനാണ്ആഗ്രഹിക്കുന്നതെന്നും അവർ കോടതിയിൽ മൊഴി നൽകി. വിവാഹത്തിൽ എതിർപ്പുള്ളതിനാൽ പിതാവ് തന്നെ വീട്ടിൽ തടവിലാക്കിയിരിക്കുകയാണെന്നും സോനിക ആരോപിച്ചു.
അക്ബർ ഖാനും കോടതിയിൽ സമാനമായ നിലപാട് ആവർത്തിക്കുകയും സോനികയോടൊപ്പം ജീവിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാൽ മകളെ അക്ബർ ഭീഷണിപ്പെടുത്തി വശത്താക്കിയതാണെന്നും അവൾ സമ്മർദ്ദത്തിലാണ് എന്നുമായിരുന്നു സോനികയുടെ പിതാവ് ലക്ഷ്മൺ സിങ് ചൗഹാന്റെ വാദം.
എല്ലാ കക്ഷികളുമായും സംസാരിച്ച ശേഷം, പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് തനിക്ക് ഇണയെ തിരഞ്ഞെടുക്കാനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുമുള്ള മൗലികാവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം വ്യക്തിപരമായ തീരുമാനങ്ങൾ മാതാപിതാക്കളുടെയോ കുടുംബാംഗങ്ങളുടെയോ തൽപര്യങ്ങൾക്ക് അനുസരിച്ച് നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സോനികക്ക് തന്റെ പങ്കാളിയായ അക്ബർ ഖാനൊപ്പം പോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഇവർക്ക് ആവശ്യമായ പോലീസ് സുരക്ഷ ഉറപ്പാക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകി. കൂടാതെ, ദമ്പതികളുടെ ദാമ്പത്യ ജീവിതത്തിൽ കുടുംബാംഗങ്ങൾ യാതൊരുവിധ ഇടപെടലുകളും നടത്തരുതെന്നും കോടതി കർശന ഉത്തരവ് പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.