കോൺഗ്രസ് എംഎൽഎ യശ്വന്ത്രായ ഗൗഡ പാട്ടീൽ രാജിവെച്ചു
ബംഗളൂരു: വിജയപുര ജില്ലയിലെ ഇന്ദി, ചഡച്ചൻ താലൂക്കുകളെ വരൾച്ച ബാധിത പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഇൻഡി നിയമസഭ സീറ്റിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ യശ്വന്ത്രായഗൗഡ പാട്ടീൽ ബുധനാഴ്ച രാജിവച്ചു.പാട്ടീൽ തന്റെ രാജി കത്ത് നിയമസഭാ സ്പീക്കർ ജി.എസ്. പാട്ടീലിന് സമർപ്പിക്കുകയും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ തന്റെ തീരുമാനം അറിയിക്കുകയും ചെയ്തു. രാജി പിൻവലിക്കാൻ എംഎൽഎയെ പ്രേരിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ശ്രമങ്ങൾ നടന്നുവരികയാണ്.ഇന്ദി, ചഡച്ചൻ എന്നീ പ്രദേശങ്ങളെ വരൾച്ചാ ബാധിത പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചെങ്കിലും തന്റെ അപേക്ഷകൾ പരിഗണിക്കപ്പെട്ടില്ലെന്ന് പാട്ടീൽ പറഞ്ഞു.
സംസ്ഥാനത്തെ വരൾച്ച ബാധിത താലൂക്കുകളുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ് നിയമസഭാംഗങ്ങൾക്കിടയിൽ അതൃപ്തി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി. മന്ത്രിസഭ വികസന വേളയിൽ മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിൽ പാട്ടീൽ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ശിവകുമാറിന്റെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും ശ്രമങ്ങളെത്തുടർന്ന് പാട്ടീൽ തന്റെ മുൻ രാജി പിൻവലിക്കുകയും എംഎൽഎ സ്ഥാനത്ത് തുടരുകയും ചെയ്തു.
2020-ൽ കേന്ദ്രം തയ്യാറാക്കിയ വരൾച്ച പ്രഖ്യാപന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കർണാടക ഇതുവരെ നാല് ഘട്ടങ്ങളിലായി 188 താലൂക്കുകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ 101 താലൂക്കുകളും രണ്ടാം ഘട്ടത്തിൽ 23 ഉം മൂന്നാം ഘട്ടത്തിൽ 53 ഉം നാലാം ഘട്ടത്തിൽ 11 ഉം താലൂക്കുകൾ വീതവുമാണ് വരൾച്ച ബാധിതമായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.