അംബാനിയെ മറികടന്ന് ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ; ആസ്തി 9.22 ലക്ഷം കോടി

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്നാണ് ഗൗതം അദാനി ഒന്നാം സ്ഥാനത്തെത്തിയത്. 2026-ലെ 'ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്' ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 9.22 ലക്ഷം കോടി രൂപയുടെ ആസ്തിയോടെയാണ് അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അദാനി കുടുംബത്തിന്റെ ആസ്തിയിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുകേഷ് അംബാനിയും കുടുംബവും 2026-ലെ കണക്കുകൾ പ്രകാരം 8.63 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ രണ്ടാം സ്ഥാനത്താണ്. അംബാനിക്ക് പിന്നാലെ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർസെലർ മിത്തൽ ഗ്രൂപ്പിന്റെ ലക്ഷ്മി നിവാസ് മിത്തലും കുടുംബവുമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 3.39 ലക്ഷം കോടി രൂപയാണ് ഇവരുടെ ആകെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ വാക്സിൻ ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനുമായ സൈറസ് എസ്. പൂനവാലയും കുടുംബവും 3.03 ലക്ഷം കോടി ആസ്തിയുമായി നാലാം സ്ഥാനത്ത് ഇടം പിടിച്ചു.പ്രമുഖ ഐ.ടി കമ്പനിയായ എച്ച്.സി.എല്ലിന്റെ (HCL) ചെയർ പേഴ്‌സണായ റോഷ്നി നാടാർ മൽഹോത്രയും കുടുംബവുമാണ് 2.78 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ അഞ്ചാം സ്ഥാനത്തുള്ളത്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള ആറാം സ്ഥാനത്തും സൺ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ദിലീപ് സാങ്വി ഏഴാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. ഇവരെ കൂടാതെ ആദ്യ പത്തിൽ വിപ്രോയുടെ അസിം പ്രേംജി, വേദാന്ത റിസോഴ്സസിന്റെ ചെയർമാൻ അനിൽ അഗർവാൾ, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് ചെയർമാൻ സമീർ മേത്ത എന്നിവരും ഇടം നേടിയിട്ടുണ്ട്.

Tags:    
News Summary - Adani Tops India Rich List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.