കുരുക്ക് മുറുക്കാൻ ബിജെപി; സംരക്ഷണം തേടി നന്ദിഗ്രാം സ്ഥാനാർഥി ഹൈകോടതിയിൽ
കൊൽക്കത്ത: മമത ബാനർജി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥിയെ കൂടുതൽ കേസുകളിൽ കുരുക്കാൻ ബി.ജെ.പി സർക്കാർ നീക്കം. നിലവിൽ ഒരു കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി മിലാൻ പ്രധാനെതിരെ മറ്റു അഞ്ച് കേസുകൾ കൂടി ചുമത്തി കുരുക്ക് മുറുക്കാനാണ് സർക്കാർ നീക്കം. എന്നാൽ, സർക്കാറിന്റെ പ്രതികാര നടപടിയിൽ നിന്നും സംരക്ഷണം തേടി അദ്ദേഹം കൊൽക്കത്ത ഹൈകോടതിയെ സമീപിച്ചു.
രാഷ്ട്രീയ പ്രേരിതമായ അറസ്റ്റും തടങ്കലും തടയണമെന്നാണ് ഹരജിയിലെ ആവശ്യം.
നന്ദിഗ്രാമിൽ മമത ബാനർജി കോൺഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് 2007ലെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിൽ മിലാൻ പ്രധാനെ അറസ്റ്റു ചെയ്തത്. സെപ്റ്റംബർ 18ന് അറസ്റ്റു ചെയ്തതിനു പിന്നാലെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇദ്ദേഹത്തിന്റെ പേരിലുള്ള മറ്റ് അഞ്ച് കേസുകളിൽ പ്രതികാര നടപടിയെടുക്കുന്നത് തടയണമെന്ന ആവശ്യവുമായാണ് കോടതിയെ സമീപിച്ചത്. ഹരജി ചൊവ്വാഴ്ച പരിഗണിക്കും. ഒക്ടോബർ ആറിനാണ് നന്ദിഗ്രാം, രജിനഗർ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു മണ്ഡലങ്ങളിൽ ജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരിയും, ആം ജനത ഉന്നയാൻ നേതാവ് ഹുമയൂൺ കബീറും രാജിവെച്ചതോടെയാണ് നന്ദിഗ്രാമിലും രജിനഗറിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ പിളർപ്പും, ബി.ജെ.പി സർക്കാറിന്റെ പ്രതികാര നടപടികളുമായി സംസ്ഥാന രാഷ്ട്രീയം സങ്കീർണമാവുന്നതിനിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇരു വിഭാഗങ്ങൾക്കും ജീവന്മരണ പോരാട്ടമാണ്. നന്ദിഗ്രാമിലെ മമതയുടെ സ്ഥാനാർഥിയുടെ പിൻവാങ്ങലും, കോൺഗ്രസ് സ്ഥാനാർഥിയുടെ അറസ്റ്റുമായതോടെ ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിച്ചു.
ഒക്ടോബർ മൂന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയുള്ളതിനാൽ മിലാൻ പ്രധാന് ജനങ്ങളെ നേരിട്ടുകണ്ട് വോട്ടഭ്യർഥിക്കാനാവില്ല. അതിനിടെ, ആറുവർഷം മുമ്പ് അന്നത്തെ ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ട കേസിൽ രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റിലായി. 2020 ഡിസംബറിൽ സൗത്ത് 24 പർഗാനാസിൽ നടന്ന ബി.ജെ.പി പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് വാഹന വ്യൂഹം ആക്രമിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.