മലയാളി മാധ്യമപ്രവർത്തകൻ രവി നായർ ജയിലിൽ തുടരും; അദാനി ഗ്രൂപ്പിന് കൂടുതൽ സമയം നൽകി ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ക്രിമിനൽ മാനനഷ്ടക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ മോചന ഹരജി ഗുജറാത്ത് ഹൈക്കോടതി മാറ്റിവെച്ചു. അദാനി എന്റർപ്രൈസസിന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച കോടതി, ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എം.കെ. താക്കറെയാണ് കേസ് പരിഗണിച്ചത്.
എക്സ് (ട്വിറ്റർ) പോസ്റ്റുകളുടെ പേരിൽ അദാനി എന്റർപ്രൈസസ് നൽകിയ മാനനഷ്ടക്കേസിലാണ് രവി നായരെ സെപ്റ്റംബർ 17ന് ഗാന്ധിനഗർ കോടതി റിമാൻഡ് ചെയ്തത്. കോടതിയുടെ തുടർച്ചയായ സിറ്റിംഗുകളിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നായിരുന്നു നടപടി.
2020 ഒക്ടോബർ മുതൽ 2021 ജൂലൈ വരെ അദാനി ഗ്രൂപ്പിനെതിരെ രവി നായർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിലെ പരാമർശങ്ങളും ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് സ്വകാര്യവൽക്കരണത്തിനെതിരായ സമരവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ പോസ്റ്റുകൾ കമ്പനിയുടെ സൽപേരിന് കളങ്കമുണ്ടാക്കാനും നിക്ഷേപകരുടെ ഇടയിൽ അവമതിപ്പ് സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് അദാനി ഗ്രൂപ്പിന്റെ പരാതി.
ഫെബ്രുവരി 10ന് ഗാന്ധിനഗർ മജിസ്ട്രേറ്റ് കോടതി രവി നായരെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് ഗാന്ധിനഗറിലെ അപ്പീൽ കോടതി മാർച്ച് ഒമ്പതിന് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും അപ്പീൽ വാദവേളകളിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ സെപ്റ്റംബർ മൂന്നിന് നടന്ന വാദത്തിനിടയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
അപ്പീൽ നിലനിൽക്കെ രവി നായരെ അറസ്റ്റ് ചെയ്ത നടപടിയിൽ ആംനസ്റ്റി ഇന്റർനാഷണൽ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തെയും നീതിയുക്തമായ വിചാരണക്കുള്ള അവകാശങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്ന് സംഘടന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.