വിസ കൈയിലുള്ളത് കൊണ്ടുമാത്രം ഇന്ത്യയിൽ പ്രവേശനം നൽകാൻ കഴിയില്ല: ഡല്‍ഹി ഹൈകോടതി

ന‍്യൂഡൽഹി: വിസ കൈവശമുള്ളതുകൊണ്ട് മാത്രം ഒരു വിദേശ പൗരന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി നൽകാൻ കഴിയില്ലെന്ന് ഡെല്‍ഹി ഹൈക്കോടതി. രാജ്യസുരക്ഷയും വിദേശനയങ്ങളും മുന്‍‍നിര്‍ത്തിയുള്ള രാഷ്ട്രത്തിന്റെ പരമാധികാര അധികാരങ്ങളില്‍ പെട്ടതാണ് വിസ അനുവദിക്കുന്നതും പ്രവേശനം നിഷേധിക്കുന്നതുമെന്ന് ജസ്റ്റിസ് അമിത് മഹാജന്‍ നിരീക്ഷിച്ചു.

തുര്‍ക്ക്മെനിസ്ഥാന്‍ പൗരയായ ഒരു സ്ത്രീ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം. തനിക്ക് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കാനുള്ള കാരണങ്ങള്‍ രേഖാമൂലം ഉത്തരവായി നല്‍കണമെന്നും ബിസിനസ് വിസയുടെ അടിസ്ഥാനത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. ഭര്‍ത്താവിന് പ്രവേശനം അനുവദിച്ചപ്പോൾ തനിക്ക് മാത്രം അനുമതി നിഷേധിച്ചത് വിവേചനപരമാണെന്നും അവര്‍ വാദിച്ചിരുന്നു.

എന്നാല്‍, വിസയും രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയും തികച്ചും വ്യത്യസ്തമാണെന്ന് അധികൃതര്‍ കോടതിയെ അറിയിച്ചു. വിസ കൈവശമുണ്ടെങ്കിലും രാജ്യത്തെ കുടിയേറ്റ നിയമങ്ങളുടെയും ഉദ്യോഗസ്ഥരുടെ അധികാരത്തിന്റെയും പരിധിയിലാണ് പ്രവേശനാനുമതി എന്ന് അധികൃതര്‍‍ വ്യക്തമാക്കി. തുടര്‍ന്ന് ഹരജി പരിഗണിച്ച കോടതി, ഹരജിക്കാരിയുടെ മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും വിവരങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നും സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം വ്യക്തമാക്കുന്ന ബിസിനസ് കാര്‍ഡോ ക്ഷണക്കത്തോ കൈവശമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

ദേശീയ സുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഒരു വിദേശ പൗരന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ നിയമപരമായി നടപ്പാക്കാവുന്ന അവകാശമൊന്നുമില്ലെന്നും വ്യക്തമാക്കി.

Tags:    
News Summary - Visa Does Not Guarantee Entry into India: Delhi High Court Cites National Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.