ക്യാപ്റ്റൻ സ്മിത് മച്ചാർ
ക്യാപ്റ്റൻ സ്മിത് മച്ചാറിന് വിശിഷ്ട ഗുജറാത്ത് ഗരിമ പുരസ്കാരം; രോഗമുക്തിക്ക് സോമനാഥ് ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥന
ന്യൂഡൽഹി: ഫ്ലൈദുബൈ വിമാനത്തിൽ കോക്പിറ്റ് ആക്രമണത്തിനിടെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ധീരമായി ഇടപെട്ട ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുജറാത്ത് സർക്കാറിന്റെ വിശിഷ്ട ഗുജറാത്ത് ഗരിമ പുരസ്കാരം. മച്ചാറിന്റെ അസാധാരണമായ ധീരതയെയും മനുഷ്യത്വത്തെയും മാനിച്ചാണ് സംസ്ഥാന സർക്കാർ പുരസ്കാരം നൽകുന്നതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
‘ഇസ്രായേലിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധൈര്യത്തെ ഇന്ന് ലോകം മുഴുവൻ സല്യൂട്ട് ചെയ്യുകയാണ്. ആക്രമണത്തിൽ രക്തത്തിൽ കുളിച്ചിട്ടും, 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം കാണിച്ച അടങ്ങാത്ത ധീരത അത്യന്തം പ്രചോദനാത്മകവും അഭിനന്ദനാർഹവുമാണ്’ - ഭൂപേന്ദ്ര പട്ടേൽ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഗുജറാത്തിന്റെ ഈ ധീരപുത്രൻ തന്റെ വീര്യംകൊണ്ട് ഗുജറാത്തിനും രാജ്യത്തിനും ലോകമെമ്പാടും അഭിമാനമായി മാറിയിരിക്കുകയാണ്. സംസ്ഥാനം മുഴുവൻ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രോഗമുക്തിക്കായി പ്രാർഥിക്കുകയാണ്. രാജ്യത്തെ പൗരന്മാരുടെ പ്രാർഥനയും പിന്തുണയും അദ്ദേഹത്തോടൊപ്പമുണ്ടെന്നും പട്ടേൽ കൂട്ടിച്ചേർത്തു.
നിരവധി ജീവനുകൾ രക്ഷിച്ച തന്റെ വീരോചിതമായ പ്രവൃത്തിയിലൂടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്ന് വലിയ പ്രശംസയാണ് ക്യാപ്റ്റൻ മച്ചാർ ഏറ്റുവാങ്ങുന്നത്. നിലവിൽ സൗദി അറേബ്യയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
മച്ചാറിന്റെ പരിക്ക് വേഗം ഭേദമാകാൻ സോമനാഥ് ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഒരുക്കുന്നുണ്ട്. ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥന നടത്തി. ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ മഹാമൃത്യുഞ്ജയ മന്ത്ര ജപ ചടങ്ങുകളും ആരംഭിച്ചു. പ്രാർഥനയുടെ വീഡിയോ ഉൾപ്പെടെ ക്ഷേത്ര ട്രസ്റ്റ് ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെച്ചു.
ക്യാപ്റ്റൻ സ്മിത് മച്ചാർ ഗുജറാത്ത് സ്വദേശിയാണെങ്കിലും കുടുംബം വളരെക്കാലം മുമ്പ് തന്നെ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.