ദേശീയ വനിതാ കമീഷൻ അംഗമായി മഹിളാ മോർച്ച നേതാവ് നിവേദിത ചുമതലയേറ്റു
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ അംഗമായി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഇന്ന് ചുമതലയേറ്റു. കേരളത്തിൽ നിന്നുള്ള ആദ്യ അംഗമാണിവർ. ഡൽഹിയിലെ ദേശീയ വനിത കമ്മീഷൻ ദേശീയ ആസ്ഥാനത്തായിരുന്നു ചടങ്ങ്.
ഗുരുവായൂർ സ്വദേശിയായ നിവേദിത ബിജെപിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയായയും പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയേയും നിവേദിതയ്ക്കൊപ്പം വനിതാ കമ്മിഷൻ അംഗമായി നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് നിയമനം.
2016ൽ നിവേദിത സുബ്രഹ്മണ്യൻ ഗുരുവായൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ അവസരം നൽകിയെങ്കിലും നാമനിർദേശ പത്രിക തള്ളിപ്പോയി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മത്സരിച്ച് പരാജയപ്പെട്ടു.
അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽ.എൽ.എം., മംഗളൂരു സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി., ഐ.സി.എഫ്.എ.ഐ സർവകലാശാലയിൽ നിന്ന് മാനവവിഭവശേഷിയിൽ എം.ബി.എ എന്നിവ നേടിയിട്ടുണ്ട്. ചാവക്കാട് സിവിൽ, ക്രിമിനൽ കോടതികളിൽ 12 വർഷത്തിലേറെ അഭിഭാഷകയായി പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ സുപ്രീംകോടതി അംഗീകൃത മധ്യസ്ഥയായും പ്രവർത്തിക്കുന്നു. മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.