പൂപ്പല്‍ ബാധിച്ച ഭക്ഷ‍്യവസ്തുക്കളും ചീഞ്ഞഴുകിയ പച്ചക്കറികളും; ഇന്‍സ്റ്റമാര്‍ട്ട്, സെപ്റ്റോ സ്റ്റോറുകള്‍ക്കെതിരെ നടപടി

ഹൈദരാബാദ്: സ്വിഗ്ഗി, ഇന്‍സ്റ്റമാര്‍ട്ട്, ഫ്ലിപ്കാര്‍ട്ട്, സെപ്റ്റോ എന്നിവയുടെ വിവിധ സംഭരണ കേന്ദ്രങ്ങളിൽ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തതു. ക്വിക്ക് കൊമേഴ്‌സ് ഡാര്‍ക്ക് സ്റ്റോറുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. തെലങ്കാന സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് എസന്‍ഷ്യല്‍ ഡ്രഗ്‌സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന പത്ത് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ 16 ഡാര്‍ക്ക് സ്റ്റോറുകളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

വസ്തുക്കള്‍ സൂക്ഷിക്കുന്ന റാക്കുകളില്‍ തുരുമ്പും പൊടിയും ചിലന്തിവലകളും പാറ്റകളുടെ ശല്യവും പരിശോധനയില്‍ കണ്ടെത്തി. ഇതിനുപുറമെ, കാലാവധി കഴിഞ്ഞതും പൂപ്പല്‍ ബാധിച്ചതുമായ ഭക്ഷണവസ്തുക്കളും ചീഞ്ഞഴുകിയ പച്ചക്കറികളും ഇവിടെ വില്‍പ്പനയ്ക്കായി വെച്ചിരുന്നു. ശീതീകരണ സംവിധാനങ്ങളിലെ താപനില കൃത്യമായി പാലിക്കാത്തതും ലേബലിങ് മാനദണ്ഡങ്ങള്‍ ലംഘിച്ചതും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

പെറ്റ് ബഷീറാബാദ്, സെയ്ദാബാദ് എന്നിവിടങ്ങളിലെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ഔട്ട്‌ലെറ്റുകള്‍, ചാര്‍മിനാറിലെ പഞ്ചേശാ റോഡിലുള്ള ഫ്ലിപ്കാര്‍ട്ട് സ്റ്റോര്‍, രാംകോതിയിലെ സെപ്റ്റോ കേന്ദ്രം എന്നിവയുടെ ലൈസന്‍‍സാണ് റദ്ദാക്കിയത്. ഇതിനുപുറമെ അഞ്ച് സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും മൂന്ന് കേന്ദ്രങ്ങള്‍ക്ക് താക്കീതും നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്കായി 15 ഭക്ഷ്യസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ലാബ് ഫലം വരുന്ന മുറയ്ക്ക് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - Food Safety Action Against Instamart and Zepto Over Moldy & Rotten Food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.