`പൗരത്വം ഉപേക്ഷിച്ച് റഷ്യൻ സൈന്യത്തിൽ ചേരരുത്'; ഇന്ത്യക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: പൗരത്വം ഉപേക്ഷിച്ച് റഷ്യൻ സൈന്യത്തിൽ ചേരരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. ഹ്രസ്വകാലയളവിൽ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സൈന്യത്തിൽ റിക്രൂട്ട്മെന്റ് നടത്തുന്നവരുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും ഇത്തരം നടപടികൾ ഗുരുതരമായ അപകടസാധ്യതകൾക്ക് വഴിവെക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ സൈന്യത്തിൽ ഇന്ത്യക്കാരെ തുടർച്ചയായി റിക്രൂട്ട് ചെയ്യുന്നുവെന്നുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകിയത്. വിദേശത്ത് ജോലി തേടുന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി റഷ്യൻ സൈന്യത്തിലെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് സർക്കാർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സൈന്യത്തിൽ സാമ്പത്തിക ഭദ്രത മാത്രം നോക്കി റഷ്യൻ സൈന്യത്തിൽ ചേർന്നതിന് പിന്നാലെ മോചനം നേടാൻ ഇന്ത്യൻ സർക്കാറിനെ സമീപിക്കുന്നതായും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിച്ചു.
സ്വമേധയാ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് റഷ്യൻ സൈന്യത്തിൽ ചേരാൻ മുതിരുന്ന ചില പൗരന്മാർ സാമ്പത്തിക നേട്ടങ്ങളിൽ ആകൃഷ്ടരാകുകയാണ്. ഇതിന്റെ ഗൗരവം മനസ്സിലാക്കണമെന്നും നേരിടേണ്ടിവരുന്ന അപകടങ്ങൾ തിരിച്ചറിയണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും ഇന്ത്യൻ പൗരന്മാരോട് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും അവരെ എത്രയും വേഗം മോചിപ്പിക്കുന്നതിനുമായി റഷ്യൻ അധികൃതരുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.