വിജയ്‌യുടെ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിക്ക് തുടക്കമാകുന്നു; തമിഴ്നാട്ടിൽ 1.28 ലക്ഷത്തിലധികം കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം നൽകും
ചെന്നൈ: നവജാതശിശുക്കായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച സൗജന്യ സ്വർണ മോതിര വിതരണം തുടക്കത്തിലേക്ക്. ‘തായ് മാമൻ തങ്ക മോതിരം‘ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 15ന് നടക്കും. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് വിജയ് സർക്കാർ ഒരു ഗ്രാം സ്വർണ മോതിരം നൽകുന്നത്.
കഴിഞ്ഞ ജൂൺ 22-ന് മുഖ്യമന്ത്രി ജോസഫ് വിജയിന്റെ പിറന്നാൾ ദിനം മുതൽ സർക്കാർ ആശുപത്രികളിൽ ജന്മമെടുത്ത കുഞ്ഞുങ്ങളെയാണ് പദ്ധതിക്കായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുപ്രകാരം ആകെ 1,28,505 നവജാതശിശുക്കൾക്കാണ് ഒരു ഗ്രാം വീതമുള്ള ശുദ്ധമായ സ്വർണ മോതിരം സമ്മാനിക്കുന്നത്. തമിഴ്നാട് സർക്കാരിന്റെ ഈ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിനായി രാജ്യത്തെ പ്രമുഖ ജ്വല്ലറി ശൃംഖലകളായ ജോയ്ആലുക്കാസും കല്യാൺ ജ്വല്ലേഴ്സുമാണ് കൈകോർത്തിരിക്കുന്നത്.
ആകെ നിർമ്മിച്ച മോതിരങ്ങളിൽ 89,955 എണ്ണം ജോയ്ആലുക്കാസും, 38,550 എണ്ണം കല്യാൺ ജ്വല്ലേഴ്സുമാണ് തയാറാക്കിയിട്ടുള്ളത്. ദീർഘകാലമായി തമിഴ് ജനത തങ്ങൾക്ക് നൽകിവരുന്ന സ്‌നേഹത്തിനും പിന്തുണക്കുമുള്ള ആദരവെന്ന നിലയിലാണ് ഈ പദ്ധതിയിൽ പങ്കാളിയാകുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി. തമിഴ്നാട് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമാണെന്ന് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ പ്രതികരിച്ചു.
തമിഴ്നാട്ടിൽ വ്യത്യസ്ത തരത്തിലുള്ള ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയമാകുന്ന വിജയ് സർക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നാണിത്. സാധാരണക്കാരായ ജനങ്ങളുടെ കുടുംബങ്ങളിൽ സന്തോഷം നിറക്കാനും സർക്കാർ ആശുപത്രികളിലെ ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ജനകീയമാക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. സെപ്റ്റംബർ 15-ന് നടക്കുന്ന വിപുലമായ ഉദ്ഘാടന ചടങ്ങോടെ പദ്ധതിക്ക് സംസ്ഥാനവ്യാപകമായി ഔദ്യോഗിക തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.