ഹുദ സാരിവാല
സഹാറൻപൂർ പള്ളി പൊളിച്ച സംഭവം; യോഗി ആദിത്യനാഥിനെ വിമർശിച്ച സാമൂഹിക പ്രവർത്തക അറസ്റ്റിൽ
സഹാറൻപൂർ: കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ച സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഹുദ സാരിവാലയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുഷ്യന്ത് സിങ് എന്ന അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സദർബസാർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രമസമാധാനം സംരക്ഷിക്കാനുള്ള നടപടിയെന്നപേരിലാണ് ഹുദയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് ന്യായം.
തിങ്കളാഴ്ച സഹാറൻപൂർ സർക്യൂട്ട് ഹൗസിലെത്തിയ ഹുദ, സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘത്തോടൊപ്പം പോകുന്നതിനെച്ചൊല്ലി പൊലീസുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ മാറ്റാൻ ശ്രമിച്ചതോടെ തർക്കം രൂക്ഷമായി. ഇതിന് പിന്നാലെയാണ് പള്ളി പൊളിച്ച സംഭവത്തിൽ യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്‌ട്രേറ്റിനെയും വിമർശിച്ച് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഈ വിഡിയോ സമൂഹത്തിൽ മതസൗഹാർദം തകർക്കാൻ ഇടയാക്കുമെന്നാണ് ദുഷ്യന്ത് സിങ് ആരോപിച്ചിരിക്കുന്നത്. പരാതിയെതുടർന്ന് ഹുദയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലടക്കുകയും ചെയ്തു. നിലവിൽ ഈ വിഡിയോയും പരാമർശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് സഹാറൻപൂർ എസ്.എസ്.പി അഭിനന്ദൻ സിങ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേവിഷയവുമായി ബന്ധപ്പെട്ട വിഡിയോകൾ പങ്കുവെച്ച മറ്റുള്ളവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.