രാഹുൽ ഗാന്ധി
മോദി ‘കള്ളന്മാരുടെ തലവൻ’; പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ‘ചോറോൻ കെ സർദാർ’ പരാമർശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി ബോംബെ ഹൈക്കോടതി. കേസ് നിലനിൽക്കില്ലെന്ന വാദവുമായി രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് നിതിൻ ബോർകർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
2018 സെപ്റ്റംബറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജസ്ഥാനിൽ റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് സംസാരിക്കവെയാണ് മോദിയെ ‘ചോറോൻ കെ സർദാർ’ എന്ന് വിശേഷിപ്പിച്ചതെന്നാണ് പരാതി.
ബി.ജെ.പി പ്രവർത്തകനാണ് പരാതി നൽകിയത്. മോദിയെ ലക്ഷ്യമിട്ടുള്ള പരാമർശം ബി.ജെ.പിയെയും പാർട്ടി അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് പരാതിക്കാരന്റെ വാദം. ബി.ജെ.പി അംഗമായ മോദിയെ ‘ചോറോൻ കെ സർദാർ’ എന്ന് വിശേഷിപ്പിച്ചതിലൂടെ പാർട്ടി അംഗങ്ങളെ ‘കള്ളന്മാർ’ എന്ന നിലയിൽ ചിത്രീകരിച്ചെന്നും അതിനാൽ മാനനഷ്ടക്കേസ് നൽകാൻ തനിക്ക് അവകാശമുണ്ടെന്നും ഹരജിക്കാരൻ വാദിച്ചു.
എന്നാൽ പ്രസംഗത്തിൽ ബി.ജെ.പിയെയോ പാർട്ടി അംഗങ്ങളെയോ നേരിട്ട് പരാമർശിച്ചിട്ടില്ലാത്തതിനാൽ പരാതി നിലനിൽക്കില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ബി.ജെ.പി രജിസ്റ്റർ ചെയ്ത ദേശീയ രാഷ്ട്രീയ പാർട്ടിയായതിനാൽ വ്യക്തമായി തിരിച്ചറിയാവുന്ന സംഘടനയാണെന്ന് കോടതി നിരീക്ഷിച്ചു. ബി.ജെ.പി അംഗമായ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശം പാർട്ടിയുടെ മുതിർന്ന നേതൃത്വത്തിൽ മാത്രം പരിമിതപ്പെട്ടതാണെന്ന് പ്രാഥമിക ഘട്ടത്തിൽ പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പരാമർശം യഥാർഥത്തിൽ ആരെയാണ് ഉദ്ദേശിച്ചതെന്നും അത് പാർട്ടി അംഗങ്ങളുടെ പ്രതിച്ഛായയെ എങ്ങനെ ബാധിച്ചെന്നും വിചാരണ ഘട്ടത്തിലാണ് പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇതോടെ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി.
2019ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയും കോൺഗ്രസും ഉയർത്തിയ ‘ചൗക്കിദാർ ചോർ ഹൈ’ എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ടും മറ്റൊരു മാനനഷ്ടക്കേസും നിലവിലുണ്ട്. റഫാൽ ഇടപാടിൽ വ്യവസായി അനിൽ അംബാനിക്ക് വേണ്ടി മോദി ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു അന്നത്തെ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.