ഛത്തീസ്ഗഡ് ഹൈകോടതി
'ശരീഅത്ത് കൗൺസിലുകൾക്ക് വിവാഹമോചനം നൽകാൻ നിയമപരമായ അധികാരമില്ല'; ഛത്തീസ്ഗഡ് ഹൈകോടതി
ബിലാസ്പൂർ: ദാറുൽ ഖദാ പോലുള്ള ശരീഅത്ത് കൗൺസിലുകൾക്ക് മുസ്‌ലിം വിവാഹങ്ങൾ വേർപെടുത്താൻ നിയമപരമായ അധികാരമില്ലെന്ന് ഛത്തീസ്ഗഡ് ഹൈകോടതി. ശരീഅത്ത് കൗൺസിലുകൾ കോടതികളല്ലെന്നും അത്തരം സ്ഥാപനങ്ങൾക്ക് ജുഡീഷ്യൽ അധികാരങ്ങളോ നിയമസാധുതയുള്ള തീർപ്പുകൾ കൽപ്പിക്കാനുള്ള അവകാശമോ ഇല്ലെന്നും ജസ്റ്റിസ് പ്രസാദ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
'ദാറുൽ ഖദാ' നൽകിയ 'ഖുലാ' (ഭാര്യ ആവശ്യപ്പെടുന്ന വിവാഹമോചനം) സാധുവാണെന്ന് കാണിച്ച് ഭർത്താവിനെതിരെ യുവതി നൽകിയ ഹരജി തള്ളിയാണ് ഹൈകോടതിയുടെ ഈ സുപ്രധാന ഉത്തരവ്. രാജ്യത്ത് നിലവിലുള്ള ഭരണഘടനാപരമായ ജുഡീഷ്യൽ സംവിധാനത്തിന് പകരമായി ശരീഅത്ത് കൗൺസിലുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു പൗരന്റെയും മൗലികാവകാശങ്ങളെ ഹനിക്കുന്ന വിധത്തിൽ ഫത്‌വകൾ പുറപ്പെടുവിക്കാൻ ശരീഅത്ത് കോടതികൾക്കോ ഖാസിമാർക്കോ അധികാരമില്ലെന്നും സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉദ്ധരിച്ച് ഹൈകോടതി ചൂണ്ടിക്കാട്ടി.
നിയമപരമായി അംഗീകരിക്കപ്പെട്ട കുടുംബ കോടതികൾക്കോ അല്ലെങ്കിൽ ബന്ധപ്പെട്ട സിവിൽ കോടതികൾക്കോ മാത്രമേ വിവാഹമോചനം പോലുള്ള നിയമപരമായ നടപടികളിൽ അന്തിമ തീർപ്പ് കൽപ്പിക്കാൻ അധികാരമുള്ളൂ. ശരീഅത്ത് കൗൺസിലുകൾ ഒരു തർക്കപരിഹാര സമിതിയെന്ന നിലയിൽ സ്വമേധയാ അഭിപ്രായങ്ങൾ പറയുകയോ ഒത്തുതീർപ്പിന് ശ്രമിക്കുകയോ ചെയ്യാമെന്നല്ലാതെ, വ്യക്തികളുടെ മേൽ നിയമപരമായ ബാധ്യതയായി തീർപ്പുകൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ഹൈകോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
2014-ലെ ചരിത്രപ്രസിദ്ധമായ വിശ്വ ലോചൻ മദൻ കേസ് ഉൾപ്പെടെയുള്ള മുൻ സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ചാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ശരീഅത്ത് കൗൺസിലുകൾ പുറപ്പെടുവിക്കുന്ന ഫത്‌വകൾക്ക് രാജ്യത്തെ നിയമ വ്യവസ്ഥയിൽ യാതൊരുവിധ നിർബന്ധിത ബാധ്യതയുമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ തർക്കങ്ങളിൽ കക്ഷികൾ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ചാൽ പോലും, ഭരണഘടനാപരമായ ജുഡീഷ്യൽ പ്രക്രിയയെ മറികടന്ന് വ്യക്തിനിയമ തർക്കങ്ങളിൽ അന്തിമ വിധി പ്രഖ്യാപിക്കാൻ ഇത്തരം സമാന്തര സംവിധാനങ്ങൾക്ക് അനുവാദമില്ലെന്ന് ഡിവിഷൻ ബെഞ്ച് അടിവരയിടുന്നു.
മുസ്‌ലിം വ്യക്തിനിയമപ്രകാരം നിർവചിട്ടുള്ള വിവാഹമോചന നടപടിക്രമങ്ങൾ അംഗീകൃത നീതിന്യായ കോടതികൾ വഴി മാത്രമേ നിയമസാധുത കൈവരിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ഇത്തരം കൗൺസിലുകൾ നൽകുന്ന വിവാഹമോചന സർട്ടിഫിക്കറ്റുകളെ നിയമപരമായ ഉത്തരവുകളായി പരിഗണിക്കാൻ കഴിയില്ല. വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാൻ രാജ്യത്ത് നിലനിൽക്കുന്ന സിവിൽ നിയമവാഴ്ചയ്ക്കാണ് പരമമായ പ്രാധാന്യമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.