ഇന്ത്യയിൽ ഇല്ലാത്ത ഒറാങ്ങുട്ടാന്റെ അഞ്ച് കുഞ്ഞുങ്ങൾ വനത്തിൽ; വന്യജീവി കടത്തെന്ന് സംശയം, അന്വേഷണം

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലെ കാട്ടിൽ അഞ്ച് ഒറാങ്ങുട്ടാൻ ​കുഞ്ഞുങ്ങളെ കണ്ടെത്തി. ഇന്ത്യയിൽ കാണപ്പെടാത്ത ഒറാങ്ങുട്ടാനുകളെ ഭോഗ്രായ് മേഖലയിലെ ബദപായ് ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.

ഇന്ത്യയിൽ കാണപ്പെടാത്ത ഒറാങ്ങുട്ടാനുകളെ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ വന്യജീവി കള്ളകടത്ത് സംഘമാണെന്നാണ് വനംവകുപ്പിന്റെ സംശയം. ഇതിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ വന്യജീവി വകുപ്പും നാട്ടുകാരും ആശങ്ക രേഖപ്പെടുത്തി.

രാവിലെ ആറുമണിയോടെയാണ് നാട്ടുകാർ മരങ്ങൾക്കിടയിൽ ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വാർത്ത പരന്നതോടെ പ്രദേശത്ത് ആളുകൾ തടിച്ചുകൂടി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അഞ്ച് കുഞ്ഞുങ്ങളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. അഞ്ചിൽ നാലു കുഞ്ഞുങ്ങളും ആരോഗ്യവാൻമാരാണെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും അഞ്ചുപേരെയും വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കുന്നു​ണ്ടെന്നും ബാലസോർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രതിക് പ്രകാശ് ഇന്ദൽക്കർ അറിയിച്ചു.

ഒറാങ്ങുട്ടാനുകൾ ഇന്ത്യയിലെ വനങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ജീവികളല്ല. തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ, സുമാത്ര എന്നീ ദ്വീപുകളിലെ മഴക്കാടുകളിലാണ് ഒറാങ്ങുട്ടാനുകൾ വ്യാപകമായി കാണപ്പെടുന്നത്. അതിനാൽ ഇന്ത്യയിൽ സ്വഭാവികമായി ഇവ എത്തിയതല്ലെന്നാണ് അധികൃതരുടെ നിഗമനം.

നിലവിൽ വനവകുപ്പിന്റെ സംരക്ഷണയിലാണ് അഞ്ച് ഒറാങ്ങുട്ടാനുകളും. ആരോഗ്യനില വിലയിരുത്തിയ ശേഷം ഇവയെ അനുയോജ്യമായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. 

Tags:    
News Summary - 5 Baby Orangutans Spotted in Odisha Forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.