അരുണാചൽ പ്രദേശും അക്സായ് ചിനും ഇന്ത്യൻ അതിർത്തിക്ക് പുറത്തുകാട്ടി പുതിയ യു.എൻ മാപ്പ്; നിലപാട് കടുപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ പുതിയ ലോക മാപ്പിൽ അരുണാചൽ പ്രദേശും ലഡാക്കിന്റെ ഭാഗമായ അക്സായ് ചിനും ഇന്ത്യയുടെ അതിർത്തിക്ക് പുറത്തായി പ്രത്യേക പ്രദേശങ്ങളായി ചിത്രീകരിച്ചത് വിവാദത്തിൽ. ആഫ്രിക്കൻ യൂണിയന്റെ പിന്തുണയോടെ യു.എൻ പാസാക്കിയ 'കറക്റ്റ് ദി മാപ്പ്' പ്രമേയത്തിന്റെ ഭാഗമായാണ് ഈ പുതിയ ഭൂപടം തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 1-നാണ് ഈ മാപ്പ് ആദ്യമായി പുറത്തിറക്കിയത്. അരുണാചൽ പ്രദേശിന്റെ നാഗാലാൻഡുമായുള്ള അതിർത്തി ഒഴിവാക്കി, അസമും ചൈനയുമായി അതിർത്തി പങ്കിടുന്ന സ്വതന്ത്ര പ്രദേശമായിട്ടാണ് മാപ്പിൽ ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ, അക്സായ് ചിന്റെ കിഴക്കൻ അതിർത്തി 'ഇന്ത്യൻ ലൈനും' പടിഞ്ഞാറൻ അതിർത്തി 'ചൈനീസ് ലൈനുമായാണ്' രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പത്തെ 2011ലെ യു.എൻ മാപ്പുകളിൽ ഈ രേഖകളെ 'അവകാശവാദ രേഖകൾ' എന്ന് വ്യക്തമായി സൂചിപ്പിച്ചിരുന്നെങ്കിൽ, പുതിയ മാപ്പിൽ അതില്ല.
ജമ്മു കശ്മീരിനെ ഇന്ത്യയും പാകിസ്താനുമായി വിഭജിക്കുന്ന നിയന്ത്രണരേഖ മാപ്പിൽ പുള്ളിക്കോടുകളായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജമ്മു കശ്മീരിന്റെ അന്തിമ സ്ഥിതി സംബന്ധിച്ച് കക്ഷികൾ തമ്മിൽ ഇതുവരെ ധാരണയായിട്ടില്ലെന്ന് യു.എൻ ഇതിന്റെ അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വരുത്തിയ മാറ്റങ്ങളുടെ കാരണത്തെക്കുറിച്ച് യു.എൻ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ആഫ്രിക്കൻ ഗ്രൂപ്പിന് വേണ്ടി ടോഗോ അവതരിപ്പിച്ച ഈ പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചിരുന്നു. തുല്യമായ രീതിയിലുള്ള ഭൂപട പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുന്ന അടിസ്ഥാന തത്വത്തെ മുൻനിർത്തിയാണ് ഇന്ത്യ ഇതിനെ അനുകൂലിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഈ പ്രമേയത്തെ പിന്തുണക്കുന്നത് ഏതെങ്കിലും പ്രത്യേക മാപ്പിന്റെയോ ദേശീയ അതിർത്തികളുടെയോ ഔദ്യോഗിക അംഗീകാരമല്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും അക്സായ് ചിനും അരുണാചൽ പ്രദേശും ഉൾപ്പെടെയുള്ള ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങൾ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ചിത്രീകരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും, ഇന്ത്യയുടെ പരമാധികാരാവകാശങ്ങൾ വ്യക്തവും സ്ഥിരവും വിട്ടുവീഴ്ച ചെയ്യാനാവാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.