വ്യാജ മദ്യദുരന്തം: മധ്യപ്രദേശിൽ മരണം 13 ആയി; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്
ഭോപ്പാൽ: വ്യാജ മദ്യദുരന്തത്തിൽ മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മരണം 13 ആയി. നിരവധി പേർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തിലേക്ക് നയിച്ച സാഹചര്യവും ഉത്തരവാദികളെയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയവ അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന് ജില്ലാ കലക്ടർ പ്രതിഭ പാൽ അറിയിച്ചു. മരിച്ച 13 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതായും അവർ പറഞ്ഞു.
നാല് മുതൽ അഞ്ച് പേർ വരെ ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്ന് കലക്ടർ വ്യക്തമാക്കി. വിവിധ ഗ്രാമങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയവരെ ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ പലരെയും തിങ്കളാഴ്ച ആശുപത്രിയിൽനിന്ന് വിട്ടയച്ചതായും ബാക്കിയുള്ളവരെ മെഡിക്കൽ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം സംഭവത്തിൽ എക്സൈസ് വകുപ്പിനും പൊലീസിനും ബി.ജെ.പി നേതാക്കൾക്കും ഉത്തരവാദിത്തമുണ്ടെന്ന് കോൺഗ്രസ് എം.പി ദിഗ്‌വിജയ് സിങ് ആരോപിച്ചു. മദ്യം ലഭിച്ച കടയുടമക്കും ഇത് അനുവദിച്ച ഉദ്യോഗസ്ഥർക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.