ചെന്നൈ: ഗവർണർ തിരിച്ചയച്ച നീറ്റിനെതിരായ ബിൽ തമിഴ്നാട് നിയമസഭയുടെ പ്രത്യേക സമ്മേളനം വീണ്ടും പാസാക്കി. സഭയുടെ ചരിത്രത്തിലാദ്യമായാണ് ഗവർണർ തിരിച്ചയച്ച ബിൽ വീണ്ടും പാസാക്കുന്നത്. സംസ്ഥാനത്ത് മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഒഴിവാക്കാനുള്ള ബിൽ സെപ്റ്റംബറിൽ പാസാക്കി ഗവർണർക്ക് അയച്ചിരുന്നു.
പ്രസ്തുത ബിൽ ഗ്രാമീണ മേഖലയിലും സാമ്പത്തികമായി പിന്നാക്കംനിൽക്കുകയും ചെയ്യുന്ന വിദ്യാർഥികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നുപറഞ്ഞ് ഗവർണർ ആർ.എൻ. രവി സ്പീക്കർക്ക് തിരിച്ചയക്കുകയായിരുന്നു. ഗവർണറുടെ നിലപാട് സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിനെതിരാണെന്നും നീറ്റ് പരീക്ഷക്കെതിരായ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു. മുഖ്യ പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ബില്ലിനെ പിന്തുണച്ചപ്പോൾ ബി.ജെ.പി മാത്രം എതിർത്തു. സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ എതിർത്ത് നാല് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. ശബ്ദവോട്ടിനുശേഷം ബിൽ ഐകകണ്ഠ്യേന അംഗീകരിച്ചതായും ഇത് ഉടൻ ഗവർണർക്ക് അയക്കുമെന്നും നിയമസഭ സ്പീക്കർ എം.അപ്പാവു അറിയിച്ചു. 2017 ഫെബ്രുവരിയിൽ നീറ്റിനെതിരായ സമാനമായ ബിൽ അന്നത്തെ അണ്ണാ ഡി.എം.കെ ഭരണകാലത്ത് സഭ അംഗീകരിച്ചെങ്കിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമനിർമാണത്തിനുള്ള അനുമതി തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.