കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ യമുനയിൽ മുങ്ങികുളിക്കാൻ വെല്ലുവിളിച്ച് പശ്ചിമംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡല്‍ഹിയിലെ യമുനാ നദി മലിനമാണെന്നും ബംഗാളിലെ ഹൂഗ്ലി നദിയിലെ വെള്ളം വൃത്തിയുള്ളതായതിനാലുമാണ് മോദിക്ക് തോണി യാത്ര ആസ്വദിക്കാന്‍ കഴിഞ്ഞതെന്നും മമത പറഞ്ഞു. ഏപ്രിൽ 29ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വോട്ടുകൾ ശേഖരിക്കാൻ മാത്രമാണ് മോദി സംസ്ഥാനം സന്ദർശിച്ചതെന്നും മമത ആരോപിച്ചു. ഹൗറയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
രാജ്യ തലസ്ഥാനത്തെ നദിയുടെ മോശം അവസ്ഥക്ക് കാരണം ബി.ജെ.പി ഭരണമാണെന്ന് പറഞ്ഞ മമത, മലിനീകരണം കാരണം പ്രധാനമന്ത്രിക്ക് ഡല്‍ഹിയിലെ യമുനയില്‍ ഇത്തരമൊരു തോണിയാത്ര നടത്താന്‍ കഴിയില്ലെന്നും പരിഹസിച്ചു. ‘ഡൽഹിയിൽവെച്ച് നിങ്ങൾക്ക് യമുനയിൽ ഒന്ന് മുങ്ങിക്കുളിച്ചുകൂടെ? അത് പൂർണ്ണമായും മലിനമാണ്. നിങ്ങൾക്ക് യമുന വൃത്തിയാക്കാൻ കഴിയില്ല, പക്ഷേ നിങ്ങൾ ഇവിടെ വരുന്നത് നമ്മുടെ ഗംഗയിൽ ഫോട്ടോ എടുക്കാനാണ്’ ഗംഗയുടെ പോഷകനദിയായ ഹൂഗ്ലിയിൽ പ്രധാനമന്ത്രി മോദി നടത്തിയ ബോട്ട് യാത്രയെ പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത മമത നദി വൃത്തിയാക്കിയതിനും നദീതീരത്തെ മനോഹരമാക്കിയതിനും സംസ്ഥാന സർക്കാരിനെയും കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനെയും പ്രശംസിച്ചു. അതേസമയം മോദിയുടെ ബോട്ട് യാത്ര സംസ്ഥാനത്ത് വോട്ടുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണെന്നും ആരോപിച്ചു.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിനായി ബംഗാളില്‍ എത്തിയ മോദി ഹൂഗ്ലി നദിയിൽ ബോട്ട് യാത്ര നടത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പശ്ചിമ ബംഗാളിന്റെ വികസനത്തിനും ബംഗാളി ജനതയുടെ അഭിവൃദ്ധിക്കും താൻ പ്രതിജ്ഞാബദ്ധനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി ചിത്രങ്ങൾ പങ്കുവെച്ചത്.
സംസ്ഥാനത്ത് 152 സീറ്റുകളിലേക്ക് ഏപ്രിൽ 23ന് വോട്ടെടുപ്പ് നടന്നും. രണ്ടാംഘട്ടത്തിൽ 142 മണ്ഡലങ്ങളിൽ ഏപ്രിൽ 29ന് വോട്ടെടുപ്പ് നടക്കും. മെയ് 4 നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.