ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കകം എക്‌സ്പ്രസ് വേ ഇടിഞ്ഞുതാഴ്ന്നു; യു.പിയിലെ റോഡ് ഉണക്കാൻ ഇലക്ട്രിക് ഫാനുകൾ

ലഖ്‌നൗ: കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച കാൺപൂർ–ലഖ്‌നൗ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞുതാഴ്ന്നതിന് പിന്നാലെ അറ്റകുറ്റപ്പണികൾക്കായി വൻ ഇലക്ട്രിക് ഫാനുകൾ രംഗത്തിറക്കി.  ഈർപ്പം നീക്കാൻ വൻ ഇലക്ട്രിക് ഫാനുകൾ ഉപയോഗിക്കുന്ന അപൂർവ കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

നിരവധി ഇലക്ട്രിക് ഫാനുകളാണ് റോഡിന്റെ അടിത്തട്ടിലെ മണ്ണ് വേഗത്തിൽ ഉണക്കുവാന്‍  വേണ്ടി പ്രവർത്തിപ്പിക്കുന്നത്. മണ്ണിലെ ഈർപ്പം പൂർണമായും മാറിയ ശേഷമേ റോഡ് പുനർനിർമിക്കാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്. അതിനാലാണ് സാധാരണ നിർമ്മാണ യന്ത്രങ്ങൾക്കൊപ്പം ഇത്തരത്തിൽ വലിയ ഫാനുകളും വിന്യസിച്ചിരിക്കുന്നത്.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അറ്റകുറ്റപ്പണികളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ തകർന്ന എക്‌സ്‌പ്രസ്‌വേ ഉടൻ തന്നെ ഒരു രാഷ്ട്രീയ വിഷയമായി മാറി. റോഡ് ഉണക്കാൻ ഫാനുകൾ ഉപയോഗിച്ചതിനെ ചൂണ്ടിക്കാട്ടി, ഇത് ബി.ജെ.പിയുടെ "വികസനത്തിന്റെ പുതിയ മോഡൽ" ആണെന്ന് പരിഹസിച്ച അദ്ദേഹം, ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം റോഡ് എങ്ങനെയാണ് അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയിലായതെന്നും ചോദ്യം ചെയ്തു.

ബി.ജെ.പി സർക്കാരിന് കീഴിൽ നിർമ്മിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഈടുനിൽക്കുന്നതിന് പകരം "ഇടിഞ്ഞുതാഴുന്നതും, തകരുന്നതും, വീഴുന്നതുമായ" അവസ്ഥയിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെച്ചത്. ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്, "തുറസ്സായ സ്ഥലത്ത് റോഡ് ഉണക്കാനായി ടേബിൾ ഫാൻ വെക്കാൻ മാത്രം അവിടെയുള്ള ആളുകൾക്ക് എത്രത്തോളം ബുദ്ധിയില്ലായ്മ കാണും?",

ഈ സാങ്കേതികവിദ്യ പുറത്തുപോകരുത് (രഹസ്യമായി സൂക്ഷിക്കണം) എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

തുടർച്ചയായ മഴയിൽ വെള്ളം റോഡിന്റെ ഉപരിതലത്തിന് താഴെയുള്ള വിവിധ പാളികളിലേക്ക് ഇറങ്ങിച്ചെന്നതാണ് പ്രശ്നത്തിന് കാരണമായതെന്നും ഇതോടെ അടിത്തറയിലെ മണ്ണിന്റെ ബലം കുറഞ്ഞ് റോഡ് തെന്നിമാറുകയും താഴ്ന്നുപോകുകയും ചെയ്തുതുവെന്നാണ് റോഡ് തകർന്നതിന് ദേശീയപാത അതോറിറ്റി നൽകുന്ന വിശദീകരണം. തകർന്ന റോഡിന്‍റെ ഇതെ ഭാഗത്ത് ഒരു മാസത്തിനുള്ളിൽ മുമ്പും അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതിനുശേഷം വീണ്ടും മഴ പെയ്തതോടെ അതേ ഭാഗത്ത് റോഡ് ഇടിയുകയും  എക്‌സ്പ്രസ് വേയിലെ എട്ടോളം  സ്ഥലങ്ങളിലും സമാനമായ ഉപരിതല തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

എക്‌സ്പ്രസ് വേ നിർമ്മിച്ച പിഎൻസി ഇൻഫ്രാടെക്കിന്  അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനിയെ 'നോൺ-പെർഫോമിംഗ് കോൺട്രാക്ടർ' ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. അറ്റകുറ്റപ്പണികൾക്കായി ഏകദേശം മൂന്ന് കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഈ ചെലവ് മുഴുവൻ നിർമാണ കമ്പനി വഹിക്കണമെന്നും റോഡ് പൂർണമായി സുരക്ഷിതമാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുവരെ ടോൾ പിരിവ് നിർത്തിവക്കുമെന്നും അതോറിറ്റി അറിയിച്ചു. 

റോഡ് തകർന്നതിനെ തുടർന്ന് എക്‌സ്പ്രസ് വേയുടെ ഒരു കാരിയേജ് വേ അടച്ചിരിക്കുകയാണ്. അതിനാൽ കാൺപൂരിലേക്കും ലഖ്‌നൗവിലേക്കുമുള്ള വാഹനങ്ങളും ഒരൊറ്റ കാരിയേജ് വേയിലൂടെയാണ് ഇരുദിശകളിലേക്കും കടത്തിവിടുന്നത്. ഇത് ഗതാഗതക്കുരുക്കും യാത്രാവേള വർധിക്കുന്നതും പതിവാണ്. ചില ഭാഗങ്ങളിൽ ടോൾ പ്ലാസയിൽ നിന്ന് പ്രവേശിച്ച ശേഷം വാഹനങ്ങൾക്ക് എതിർദിശയിലൂടെ സഞ്ചരിക്കേണ്ടി വരുന്നതായും പരാതികളുണ്ട്. മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകാത്തതും യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

Tags:    
News Summary - യു.പിയിലെ റോഡ് ഉണക്കാൻ ഇലക്ട്രിക് ഫാനുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.