യു.പി.ഐ ഇടപാടിന് ഫീസ്: സർക്കാറിന് അധികാരം നൽകുന്ന ബിൽ പാസായി

ന്യൂഡൽഹി: യു.പി.ഐ പണമിടപാടുകൾക്ക് സർവിസ് ചാർജ് (എം.ഡി.ആർ) ഈടാക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന നിർണായക നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ധനമന്ത്രി നിർമല സീതാരാമൻ ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ അവതരിപ്പിച്ചത്. സഭയിൽ ചർച്ച ചെയ്യാതെ ശബ്ദ വോട്ടോടെ ബിൽ പാസാക്കുകയായിരുന്നു.

പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്മെന്റ് സേവനദാതാവ് സർവിസ് ചാർജ് ഈടാക്കുന്നതാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ). ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ പരിപാലിക്കുന്നതിനാണ് ഈ തുക. 2020 മുതൽ നിലവിലുള്ള സമ്പൂർണ സൗജന്യ സേവന രീതി സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ബിൽ പാസായതോടെ ആവശ്യമായ ഘട്ടങ്ങളിൽ എം.ഡി.ആർ ഈടാക്കാൻ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും അനുമതി നൽകാനുള്ള നിയമപരമായ അധികാരം ഇനി സർക്കാറിനുണ്ടാകും.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എം.ഡി.ആർ ഉണ്ടെങ്കിലും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതൽ യു.പി.ഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾക്കും എം.ഡി.ആർ ഈടാക്കുന്നില്ല. ഇക്കാരണത്താൽ യു.പി.ഐ ഇടപാട് സ്വീകരിക്കുന്നതിന് വ്യാപാരികൾ അധികചാർജ് നൽകുന്നില്ല. എം.ഡി.ആർ വന്നാൽ ഈ ബാധ്യത ക്രമേണ ഉപയോക്താക്കളിലേക്കുമെത്താം. ഉയർന്ന തുകയുടെ യു.പി.ഐ ഇടപാടുകൾക്ക് ഭാവിയിൽ സർവിസ് ചാർജ് ഈടാക്കാൻ നിയമ ഭേദഗതി വഴിതുറക്കും. നിലവിൽ ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി തുടങ്ങിയ ഡിജിറ്റൽ പണമിടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കുന്നുണ്ട്.

ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക്‌ സാധാരണയായി 1.5 ശതമാനവും ഡെബിറ്റ് കാർഡുകൾക്ക് 0.9 ശതമാനവുമാണ് നിലവിൽ എം.ഡി.ആർ ഈടാക്കുന്നത്. ഭാവിയിൽ നിശ്ചിത തുകക്ക് മുകളിലുള്ള ഇടപാടുകൾക്കോ വ്യാപാരിയുടെ വാർഷിക വിറ്റുവരവ് അടിസ്ഥാനമാക്കിയോ എം.ഡി.ആർ ഏർപ്പെടുത്തുമെന്നാണ് സൂചന.

Tags:    
News Summary - യുപിഐ ഇടപാടുകൾ സംബന്ധിച്ച ബിൽ ലോക്‌സഭ പാസാക്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.