ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ 'ക്യാ ബോൽതീ പബ്ലിക്' കാമ്പയിനുമായി സി.ജെ.പി; ആദ്യ പരിഗണന വിദ്യാഭ്യാസ മേഖലക്ക്

ന്യൂഡൽഹി: 'ക്യാ ബോൽതീ പബ്ലിക്' എന്ന തലക്കെട്ടിൽ രാജ്യവ്യാപക കാമ്പയിനുമായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി ഈ കാമ്പയിനിന് തുടക്കമിടുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി വരുത്തേണ്ട പരിഷ്‌ക്കാരങ്ങളാണ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രധാന ചർച്ച വിഷയമാക്കുന്നത്.

സ്‌കൂളുകളിലെയും കോളജുകളിലെയും എൻട്രൻസ് കോച്ചിങ് സെന്ററുകളിലെയും കുതിച്ചുയരുന്ന ഫീസുകൾ കാരണം സാധാരണക്കാർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കി. ഒന്നാം ക്ലാസ് പ്രവേശനത്തിന് പോലും വാർഷിക ഫീസായി ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയും അതിനുപുറമേ വലിയ തുക ഡൊണേഷനായും ഈടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരുമായ കുടുംബങ്ങൾ ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നും കോളേജ്-കോച്ചിംഗ് ഫീസുകൾ കുടുംബങ്ങളെ വൻ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന ഡോ. ബി.ആർ. അംബേദ്കറുടെ കാഴ്ചപ്പാട് അനുസ്മരിച്ച ദീപ്കെ, സമീപകാലത്തായി വിദ്യാഭ്യാസം, പണം സമ്പാദിക്കാനുള്ള വെറുമൊരു ബിസിനസായി മാറിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. മാതാപിതാക്കൾക്ക് സാമ്പത്തിക ഭാരമില്ലാതെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിക്കുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് തങ്ങളുടെ പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ വിമർശനങ്ങളിലൂടെയും നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ച ജന്തർ മന്തർ പ്രക്ഷോഭത്തിലൂടെയും ശ്രദ്ധേയനായ വ്യക്തിത്വമാണ് അഭിജീത് ദീപ്കെ. മുൻപ് ഭരണകൂട ശ്രദ്ധ ലഭിക്കാത്ത ജനകീയ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ കോക്രൊച്ച് ജനതാ പാർട്ടി എന്ന പ്ലാറ്റ്‌ഫോമിലൂടെ 'ക്യാ ബോൽതീ പബ്ലിക്' എന്ന പേരിലുള്ള ഈ പുതിയ ജനസമ്പർക്ക നീക്കം.

Tags:    
News Summary - ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ 'ക്യാ ബോൽതീ പബ്ലിക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.