‘ജെൻ സി നമ്മുടെ അടുത്ത തലമുറ, അവർ കൂടുതൽ സത്യസന്ധർ, ചോദ്യങ്ങൾ ചോദിക്കും’-വിദ്യാർഥി സമരങ്ങളെ പിന്തുണച്ച് ആർ.എസ്.എസ് മേധാവി

മുംബൈ: ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ തലമുറയെയും വിദ്യാർഥി പ്രതിഷേധങ്ങളെയും പിന്തുണച്ച് ആർ.എസ്.എസ് (രാഷ്ട്രീയ സ്വയംസേവക് സംഘ്) അധ്യക്ഷൻ മോഹൻ ഭാഗവത്. മുംബൈയിൽ പുതുതലമുറ (ജെൻ സി, ജെൻ ആൽഫ) വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ജെൻ സി പ്രതിഷേധിക്കുന്നുണ്ടെങ്കിൽ അവർ രാജ്യവിരുദ്ധരല്ല, അവർ നമ്മുടെ സ്വന്തം ആളുകളാണ്, നമ്മുടെ അടുത്ത തലമുറ. ഇന്നത്തെ തലമുറ മുൻതലമുറയേക്കാൾ കൂടുതൽ സത്യസന്ധരാണ്. ദേശസ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശങ്ങൾ അവരിലേക്ക് വേഗത്തിൽ എത്തും. മുൻതലമുറ മുതിർന്നവർ പറയുന്നത് ചോദ്യംചെയ്യാതെ കേൾക്കുമായിരുന്നു. എന്നാൽ, ചോദ്യങ്ങൾക്ക് കൃത്യമായ യുക്തിസഹമായ ഉത്തരങ്ങൾ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവാക്കൾ’ -ഭാഗവത് പറഞ്ഞു.

ഡൽഹിയിൽ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ ലത്തിച്ചാർജിനെയും പെല്ലറ്റ് പ്രയോഗത്തെയും കുറിച്ച് ചോദിച്ചപ്പോൾ, എന്തുകൊണ്ടാണ് ഇത്തരം നടപടികൾ ഉണ്ടായതെന്ന് പഠിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നും വിദ്യാഭ്യാസ ബജറ്റ് രാജ്യത്തിന്റെ ആകെ ബജറ്റിന്റെ ആറു ശതമാനമായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം കച്ചവടമല്ല. അത് എല്ലാവർക്കും ലഭ്യമാക്കേണ്ടതുണ്ട്. ഫീസ്ഘടനയിൽ മാറ്റം വരുത്തണം. വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെ പരിശീലനത്തിനും പൊതുജന പങ്കാളിത്തത്തിനും വലിയ പ്രാധാന്യമുണ്ട്.

വർധിച്ചുവരുന്ന സമൂഹമാധ്യമ ഉപയോഗത്തിന്റെ പ്രശ്നങ്ങളും സംവാദത്തിൽ ചർച്ചയായി. ഉപയോഗത്തിൽ സ്വയം നിയന്ത്രണവും കാഴ്ചപ്പാടിൽ മാറ്റവുമാണ് വേണ്ടതെന്നായിരുന്നു, ഇതിനോട് ആർ.എസ്.എസ് മേധാവിയുടെ മറുപടി. നിരോധനം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും ചൂണ്ടിക്കാട്ടി.

പാകിസ്താനും ചൈനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സർക്കാറിന്റെ നിലപാടിനൊപ്പമാണ് രാജ്യം നിൽക്കേണ്ടതെന്നായിരുന്നു ഉത്തരം. എന്നാൽ, പ്രശ്നപരിഹാരത്തിന് സ്ഥിരമായ ശത്രുതയല്ല, മറിച്ച് ചർച്ചകളാണ് ആവശ്യമെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുനൈറ്റഡ് നേഷൻസിന്റെ 15-ാമത് വാർഷികാഘോഷ പരിപാടിയിലാണ്, രാജ്യത്തെ നൂറിലധികം നഗരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മോഹൻ ഭാഗവതുമായി സംവാദം നടത്തിയത്. ‘ലോകത്തെ ഒന്നിപ്പിക്കുന്നതിൽ യുവതയുടെ പങ്ക്, ഇന്ത്യൻ മാതൃകയിൽ’ എന്നതായിരുന്നു പ്രമേയം. 

വിദ്യാഭ്യാസ രംഗത്തെ അപാകതകൾ ചൂണ്ടിക്കാട്ടി ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരെ യുവജനങ്ങളിൽ നിന്ന് വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആർ.എസ്.എസ് മേധാവി വിദ്യാർഥികളുമായി സംവദിച്ചത്. 

Tags:    
News Summary - ജെൻ സിയെ പിന്തുണച്ച് മോഹൻ ഭാഗവത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.