തരുൺ തേജ്പാൽ

"ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാൾ"- തരുൺ തേജ്പാൽ

ന്യൂ ഡൽഹി: 2013-ലെ ലൈംഗികാതിക്രമ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചതിന് പിന്നാലെ, തനിക്കെതിരെയുള്ള നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് 'തഹൽക്ക' മാസികയുടെ മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ. വിചാരണ കോടതി തന്ന വെറുതെവിട്ട ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി 10 വർഷത്തെ തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സ്വയം ന്യായീകരിച്ചുകൊണ്ട് തേജ്പാൽ പ്രതികരിച്ചത്. കേസിൽ തന്റെ ഭാഗം വിശദീകരിക്കവേ, ഡൽഹി കലാപ കേസിൽ തടവിൽ കഴിയുന്ന വിദ്യാർഥി ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ പേരുകൾ പരാമർശിച്ചാണ് തേജ്പാൽ വിവാദപരമായ പരാമർശം നടത്തിയത്.

തഹൽക്ക നടത്തിയ രാഷ്ട്രീയവും അന്വേഷണാത്മകവുമായ പത്രപ്രവർത്തനം ചില രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് വൻ തിരിച്ചടിയായെന്നും അതിന്റെ വൈരാഗ്യമാണ് കഴിഞ്ഞ 13 വർഷമായി തനിക്കെതിരെ നടക്കുന്നതെന്നുമാണ് തേജ്പാൽ വാദിച്ചത്. "എന്റെ മാധ്യമപ്രവർത്തനം അവർ അവസാനിപ്പിച്ചു, എന്റെ എഴുത്തുകളും പുസ്തകങ്ങളും തടഞ്ഞു. ഉമർ ഖാലിദ് ജയിലിലാണ്, ഷർജീൽ ഇമാം ജയിലിലാണ്, സുരേന്ദ്ര ഗാഡ്‌ലിംഗും ജയിലിൽ തന്നെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം ഡസൻ കണക്കിന് ആളുകളാണ് തടവിൽ കഴിയുന്നത്. ഞാനും അവരിൽ ഒരാളാണ്," തേജ്പാൽ കോടതിയിൽ പറഞ്ഞു.

2013 നവംബറിൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന പരിപാടിക്കിടെ സഹപ്രവർത്തകയായ യുവതിയെ ലിഫ്റ്റിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് തരുൺ തേജ്പാലിന് ഹൈക്കോടതി ശിക്ഷ വിധിച്ചത്. കേസിൽ തേജ്പാലിനെ വെറുതെവിട്ടുകൊണ്ട് 2021-ൽ ഗോവയിലെ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഐപിസി 376(2)(f), 376(2)(k) എന്നീ വകുപ്പുകൾ പ്രകാരം 10 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയുമാണ് കോടതി തേജ്പാലിന് ചുമത്തിയത്. കൂടാതെ ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തുന്ന 354A, 354B എന്നീ വകുപ്പുകൾ പ്രകാരവും തേജ്പാൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 62 വയസ്സായ തന്റെ പ്രായവും കുടുംബ സാഹചര്യങ്ങളും പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് തേജ്പാൽ അപേക്ഷിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും തേജ്പാൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ് ഞാനും അവരിൽ ഒരാൾ തരുൺ തേജ്പാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.