താജ് ലാൻഡ്‌സ് എൻഡ്

'അമിത നികുതിയും അന്യായ പിഴയും': മുംബൈ താജ് ഹോട്ടലിന് ബി.എം.സിയുടെ വൻ നികുതി ബിൽ; ആകെ പിഴത്തുക 103.08 കോടി രൂപയായി

ന്യൂഡൽഹി: മുംബൈയിലെ പ്രശസ്തമായ ആഡംബര ഹോട്ടൽ താജ് ലാൻഡ്‌സ് എൻഡിന്റെ വസ്തുനികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന് (ഐ.എച്ച്.സി.എൽ) ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) വൻ തുക അധിക പിഴ ചുമത്തി. 5.51 കോടിയിലധികം രൂപയുടെ പുതിയ പിഴയാണ് ബി.എം.സി തുകയിൽ കൂട്ടിച്ചേർത്തത്. ഇതോടെ ഈ ഇനത്തിൽ കമ്പനിക്കുമേൽ ചുമത്തപ്പെട്ട ആകെ പിഴത്തുക 103.08 കോടി രൂപയായി ഉയർന്നു.

രാജ്യത്തെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി സംരംഭമായ ഐ.എച്ച്.സി.എൽ ഔദ്യോഗിക റഗുലേറ്ററി ഫയലിങ്ങിലൂടെയാണ് ഈ നികുതി തർക്കത്തിന്റെ വിവരങ്ങൾ ഓഹരി വിപണിയെ അറിയിച്ചത്. ബിഎംസി അടുത്തിടെ പുറപ്പെടുവിച്ച 2026-27 സാമ്പത്തിക വർഷത്തെ വസ്തുനികുതി ബില്ലിലാണ് ഈ പുതിയ പിഴത്തുക ഉൾപ്പെടുത്തിയിരിക്കുന്നത്. 2026 ഫെബ്രുവരി 13ന് കമ്പനി ഇതുസംബന്ധിച്ച് ആദ്യ വെളിപ്പെടുത്തൽ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ അധിക പിഴത്തുക കൂടി ലഭിച്ച കാര്യം ഓഹരി വിപണിയെ അറിയിച്ചിരിക്കുന്നത്.

കമ്പനി നൽകിയ കണക്കുകൾ പ്രകാരം, മുംബൈ ബാന്ദ്രയിലെ താജ് ലാൻഡ്‌സ് എൻഡ് പ്രോപ്പർട്ടിയുടെ വസ്തുനികുതി കുടിശ്ശികയിന്മേൽ കൃത്യമായി 5,51,35,972 രൂപയുടെ അധിക പിഴയാണ് ബി.എം.സി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് ചുമത്തിയ പിഴത്തുകയും പുതിയ തുകയും ചേർത്തുവെച്ചപ്പോൾ, ബി.എം.സി ആവശ്യപ്പെടുന്ന ആകെ പിഴത്തുക നിലവിൽ 103,08,31,312 രൂപയായി ഉയർന്നതായി കമ്പനി വ്യക്തമാക്കി.

എന്നാൽ ബി.എം.സിയുടെ ഈ നടപടിയെ നിയമപരമായി നേരിടാനാണ് ഐ.എച്ച്.സി.എല്ലിന്‍റെ തീരുമാനം. തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നികുതി ലംഘനങ്ങളോ ചട്ടലംഘനങ്ങളോ ഉണ്ടായിട്ടില്ലെന്ന് കമ്പനി ഉറപ്പിച്ചുപറയുന്നു. ബി.എം.സി നൽകിയിട്ടുള്ള നികുതി ബില്ലുകൾ ന്യായമല്ലെന്നും അവ കമ്പനി നിഷേധിക്കുകയാണെന്നും തർക്കമുന്നയിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും റഗുലേറ്ററി ഫയലിങ്ങിൽ  ഐ.എച്ച്.സി.എൽ വ്യക്തമാക്കുന്നു.

മുംബൈ ബാന്ദ്ര വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന താജ് ലാൻഡ്‌സ് എൻഡ് ഹോട്ടലിന്റെ വസ്തുനികുതിയുമായി ബന്ധപ്പെട്ട് ബി.എം.സിയും ടാറ്റ ഗ്രൂപ്പിന്റെ ഐ.എച്ച്.സി.എല്ലും തമ്മിൽ വർഷങ്ങളായി നിയമതർക്കം നിലനിൽക്കുന്നുണ്ട്. നികുതി തുക തർക്കത്തിലായതിനാൽ കമ്പനി ബി.എം.സി ആവശ്യപ്പെട്ട മുഴുവൻ തുകയും അടച്ചിരുന്നില്ല. ഓരോ വർഷവും പുതിയ നികുതി ബിൽ ഇറക്കുമ്പോൾ, പഴയ കുടിശ്ശികയുടെ കൂടെ കോർപ്പറേഷൻ പിഴയും പിഴപ്പലിശയും കൂട്ടിച്ചേർക്കും. 2026-27 സാമ്പത്തിക വർഷത്തെ ബില്ലിൽ 5.51 കോടി രൂപ കൂടി അധിക പിഴയായി വന്നതോടെയാണ് ആകെ പിഴത്തുക 103.08 കോടി രൂപയിലേക്ക് ഉയർന്നത്.

നികുതി വ്യവസ്ഥകളോ നിർമാണ ചട്ടങ്ങളോ തങ്ങൾ ലംഘിച്ചിട്ടില്ലെന്നും ബി.എം.സിയുടെ അമിത നികുതി ആവശ്യമാണ് തർക്കത്തിന് കാരണമെന്നും ഐ.എച്ച്.സി.എൽ പറയുന്നു. വൻകിട ലിസ്റ്റഡ് കമ്പനികൾ തങ്ങൾക്ക് സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാവുന്ന തർക്കങ്ങളെക്കുറിച്ചോ കോടതി കേസുകളെക്കുറിച്ചോ ഓഹരി ഉടമകളെയും റെഗുലേറ്റർമാരെയും സമയബന്ധിതമായി അറിയിക്കാൻ ബാധ്യസ്ഥരാണ്. 

Tags:    
News Summary - Taj Lands End Property Tax Penalty Exceeds ₹103 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.