ന്യൂഡൽഹി: കോവിഡ് മഹാമാരി പ്രഹരമേൽപ്പിച്ച ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ 1,100 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി അറിച്ചു. 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനും 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കാനും മറ്റൊരു കമ്പനിയായ സൊമാറ്റോ തീരുമാനിച്ചിരുന്നു.
നിർഭാഗ്യകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകേണ്ടി വരുന്നതിനാൽ ഏറ്റവും സങ്കടകരമായ കാര്യമാണിതെന്ന് സ്വിഗ്ഗി സഹസ്ഥാപകനും സി.ഇ.ഒയുമായ ശ്രീഹർഷ മജേറ്റി തിങ്കളാഴ്ച കമ്പനി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നു. വിവിധ നഗരങ്ങളിലും ഓഫീസുകളിലുമായി ജോലി ചെയ്യുന്ന 1,100 ജീവനക്കാരെ പിരിച്ചുവിടുമെന്നും സി.ഇ.ഒ വ്യക്തമാക്കി.
ബിസിനസ് അടുത്ത 18 മാസത്തോളം അസ്ഥിരമായി തന്നെ മുന്നോട്ടുപോവുകയാണെങ്കിൽ സ്വിഗ്ഗി അടച്ചുപൂട്ടുകയോ കൈമാറുകയോ ചെയ്യേണ്ടിവരും. കോവിഡ് പ്രതിസന്ധി തങ്ങളുടെ ഭക്ഷ്യ വിതരണ ശ്യംഖലയെ സാരമായി ബാധിച്ചെന്നും ഹ്രസ്വകാലത്തേക്ക് ഇത് തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം നാലാംഘട്ട ലോക്ഡൗണിലേക്ക് കടന്ന ഉടനെയാണ് പിരിച്ചുവിടൽ നടപടിയുമായി കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.