സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

ന്യൂഡൽഹി: ബി.ജെ.പി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുടെ പി.എ ചന്ദ്രനാഥ് രഥിന്റെ കൊലപാതകക്കേസ് അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഏറ്റെടുത്തു. ബംഗാൾ പൊലീസിന്റെ ശുപാർശയെത്തുടർന്നാണ് നടപടി. ഡി.ഐ.ജി പങ്കജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസിലാണ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റായ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. രാത്രി 10.30 ഓടെ മധ്യഗ്രാമിൽ വെച്ച് ബൈക്കിലെത്തിയ അക്രമികൾ ചന്ദ്രനാഥിന്റെ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. ദൊഹാരിയ ജംഗ്ഷനിൽ വെച്ച് ഒരു കാർ ചന്ദ്രനാഥിന്റെ വാഹനത്തെ തടഞ്ഞെന്നും പിന്നാലെ ബൈക്കിലെത്തിയ ആൾ വെടിവെച്ചെന്നുമാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

കൊലപാതകത്തിൽ എട്ട് പേർ നേരിട്ട് പങ്കെടുത്തതായാണ് പൊലീസ് സംശയിക്കുന്നത്. ഇതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഷൂട്ടർമാരെ വാടകക്ക് എത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നിസാൻ മൈക്ര കാറും രണ്ട് മോട്ടോർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ മോഷ്ടിച്ച വാഹനങ്ങളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. മായങ്ക് രാജ് മിശ്ര, വിക്കി മൗര്യ എന്നിവരെ ബിഹാറിലെ ബക്‌സറിൽ നിന്നും, രാജ് സിങ് എന്നയാളെ ഉത്തർപ്രദേശിലെ ബല്ലിയയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ രാജ് സിങ്ങാണ് വെടിയുതിർത്ത ഷാർപ്പ് ഷൂട്ടറെന്ന് സംശയിക്കുന്നു.കൊൽക്കത്തയിലെത്തിച്ച പ്രതികളെ ബാരാസത്ത് കോടതിയിൽ ഹാജരാക്കി മെയ് 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികൾ സഞ്ചരിച്ച വാഹനം ബാലിയിലെ ടോൾ ബൂത്തിൽ പണമടക്കാൻ യു.പി.ഐ പേയ്മെന്റ് ഉപയോഗിച്ചിരുന്നു. ഈ ഡിജിറ്റൽ ഇടപാടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലൂടെയാണ് അന്വേഷണ സംഘം പ്രതികളിലേക്കെത്തിയത്. പ്രതികൾ മറ്റൊരാളുടെ ഫോണിലാണ് സിം കാർഡ് ഉപയോഗിച്ചിരുന്നതെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഇവരെ കണ്ടെത്തുകയായിരുന്നു.  

Tags:    
News Summary - Suvendu Adhikari aide murder case: CBI takes over probe from Bengal Police, forms 7-member team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.