കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബാബരി മസ്ജിദ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച് സസ്പെൻഷനിലായ തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ, പള്ളി നിർമാണത്തിന് മുന്നോടിയായി ലക്ഷം പേരെ അണിനിരത്തി ഖുർആൻ പാരായണം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
കഴിഞ്ഞദിവസം, മുർഷിദാബാദിൽ അദ്ദേഹം പള്ളിക്ക് ശിലയിട്ടിരുന്നു. നിരവധി ആളുകൾ പള്ളി നിർമാണത്തിനുള്ള ഇഷ്ടികയുമായി അവിടെ എത്തുകയും ചെയ്തു.
2026 ഫെബ്രുവരിയിലായിരിക്കും ഖുർആൻ പാരായണം. അതിനുശേഷമായിരിക്കും പള്ളിയുടെ നിർമാണം ആരംഭിക്കുക. നേരത്തേ, കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ അഞ്ചു ലക്ഷം പേരെ അണിനിരത്തി ഹിന്ദു സന്യാസി സംഘടനയായ സനാതൻ സംസ്കൃതി സൻസദ് ഗീതാ പാരായണ യജ്ഞം സംഘടിപ്പിച്ചിരുന്നു. അക്കാര്യം സൂചിപ്പിച്ചാണ് ഹുമയൂൺ കബീർ ഖുർആൻ പാരായണത്തിന്റെ കാര്യവും അവതരിപ്പിച്ചത്.
കഴിഞ്ഞയാഴ്ച, ‘ബാബരി പള്ളി’ നിർമാണം പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും അധികാരത്തിൽ തിരിച്ചെത്താനുള്ള ടി.എം.സിയുടെ ശ്രമം പരാജയപ്പെടുമെന്നും ഡിസംബർ 22 ന് സ്വന്തം പാർട്ടി രൂപീകരിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി മാറുമെന്നും കബീർ പറഞ്ഞു. വരും തെരഞ്ഞെടുപ്പിൽ 90 സീറ്റിൽ മത്സരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.