സുശാന്ത്​ കേസ്​: മുംബൈ​ പൊലീസ്​ രേഖകൾ സി.ബി.ഐക്ക്​ കൈമാറി

ന്യൂഡൽഹി: സുശാന്ത് സിങ്​ രജ്​പുത് കേസിലെ മുഴുവൻ തെളിവുകളും മുംബൈ പൊലീസ് സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തിയാണ്​ സി.ബി.ഐ സംഘം രേഖകൾ കൈപ്പറ്റിയത്​. രേഖപ്പെടുത്തിയ 56 മൊഴികളും ഫോറൻസിക് റിപ്പോർട്ടുകളും ഉൾപ്പെടെ മുംബൈ പൊലീസ് ഇന്ന് സി.ബി.ഐക്ക് കൈമാറും.

മൊഴികൾക്കൊപ്പം സുശാന്തിൻെറ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അദ്ദേഹത്തിൻെറ മൂന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പൊലീസ്​ സി.ബി.ഐ സംഘത്തിന്​ നൽകും. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ സുശാന്ത്​ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ബെഡ്​ ഷീറ്റ്​​, പുതപ്പ്​, അവസാനമായി ജ്യൂസ്​ കുടിച്ചു വെച്ച പാത്രം, മൊബൈൽ സി.ഡി.ആർ വിശകലനം, ബാന്ദ്ര പൊലീസിൻെറ കേസ് ഡയറി, സ്പോട്ട് ഫോറൻസിക് റിപ്പോർട്ട്, കെട്ടിടത്തിലെ സി.സി.ടി.വി കാമറയിൽ ജൂൺ 13, 14 തീയതികളിൽ പതിഞ്ഞ ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകളും സി.ബി.ഐ സംഘത്തിന്​ കൈമാറും.

എസ്​.പി നൂപുർ പ്രസാദ്​ നയിക്കുന്ന 10 അംഗ സി.ബി.ഐ സംഘമാണ്​ കേസ്​ അന്വേഷിക്കുന്നത്​. വ്യാഴാഴ്​ചയാണ്​ സംഘം മുംബൈയിലെത്തിയത്​. ഇന്നത്തെ ബാന്ദ്ര പൊലീസ് സ്​റ്റേഷൻ​ സന്ദർശനത്തോടെ സംഘം കേസന്വേഷണം ആരംഭിച്ചു. സുശാന്ത്​ സിങ്​ രജ്​പുതിൻെറ മരണരംഗം പുനസൃഷ്​ടിച്ച്​ തെളിവ്​ ശേഖരിക്കാനായി ഫോറൻസിക്​ വിദഗ്​ധരുടെ സംഘം ബാന്ദ്രയിലെ ​അദ്ദേഹത്തിെറ വീട്ടിലെത്തിയിട്ടുണ്ട്​. കേസുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ച രണ്ട്​ ഡി.സി.പിമാരുമായി സംഘം നേരിൽ കണ്ട്​ സംസാരിച്ചു​.

ഈ മാസം 19ന്​ സുപ്രീംകോടതി ഉത്തരവിട്ടതനുസരിച്ചാണ്​ സി.ബി.ഐ ഈ കേസ്​ ഏറ്റെടുത്തത്​. ജൂൺ 14നാണ്​ സുശാന്ത്​ സിങ്​ രജ്​പുതിനെ മുംബൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ​ ഇത്​ ആത്മഹത്യയാണെന്നായിരുന്നു മുംബൈ പൊലീസിൻെറ കണ്ടെത്തൽ. എന്നാൽ, പിന്നീട്​ സു​ശാന്തിൻെറ പിതാവ്​ കെ.കെ. സിങ്​ പൊലീസിൽ പരാതി നൽകി. അദ്ദേഹത്തിൻെറ പരാതിയുടെ അടിസ്ഥാനത്തിൽ നടി റിയ ചക്രബർത്തി, അവരു​ടെ കുടുംബം​, സുശാന്തിൻെറ ജോലിക്കാരൻ സാമുവൽ മിരൻറ, റിയയുടെ മാനേജർ ശ്രുതി മോദി എന്നിവർക്കെതിരെ പൊലീസ്​ കേസെടുത്തു.

റിയ ചക്രബർത്തി സുശാന്ത്​ സിങ്ങിൻെറ ബാങ്ക്​ അക്കൗണ്ടിൽ നിന്ന്​ 15 കോടി രൂപ തട്ടിയെടുത്തെന്നും അദ്ദേഹത്തെ ആത്മഹത്യക്ക്​ പ്രേരിപ്പിച്ചെന്നുമായിരുന്നു കെ.കെ സിങ്ങിൻെറ ആരോപണം. കേസിലെ സാമ്പത്തികാരോപണം എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) അന്വേഷിക്കുന്നുണ്ട്​.

Tags:    
News Summary - Sushant Singh death case: Mumbai Police hands over all evidences to CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.