സൂറത്കൽ കൊലപാതകം: അന്വേഷണം കേരളത്തിലേക്കും

ബംഗളൂരു: ഉഡുപ്പിക്കടുത്ത് സൂറത്കലിൽ മംഗൽപേട്ട് സ്വദേശി മുഹമ്മദ് ഫാസിൽ (29) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കേരളത്തിലേക്കും. രണ്ട് അന്വേഷണസംഘം രൂപവത്കരിച്ചതായും ഒരു സംഘത്തെ കാസർകോട് ജില്ലയിലേക്ക് നിയോഗിച്ചെന്നും പൊലീസ് കമീഷണർ എൻ. ശശി കുമാർ പറഞ്ഞു. ജനങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സമൂഹ മാധ്യമങ്ങൾ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്ത് ദിവസത്തിനുള്ളിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ ദക്ഷിണ കന്നട ജില്ലയിൽ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് മുഖംമൂടി ധരിച്ച് കാറിലെത്തിയ സംഘം വസ്ത്രശാലക്ക് മുന്നിൽവച്ച് യുവാവിനെ വെട്ടിയത്. മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിന്‍റെ (എം.ആർ.പി.എൽ) ടാങ്കർലോറികളുടെ ശുചീകരണവുമായി ബന്ധപ്പെട്ട ദിവസവേതനക്കാരനായിരുന്നു ഫാസിൽ. സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് ആക്രമിച്ചത്. കൊലപാതക ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഫാസിലിന്‍റെ മൃതദേഹം വെള്ളിയാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മംഗൽപേട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സംഭവത്തെതുടർന്ന് സൂറത്കലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ സംഘടനയുമായോ ഒരു ബന്ധവും ഫാസിലിനില്ലെന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മുൻചരിത്രം ഇല്ലെന്നും കമീഷണർ അറിയിച്ചു.

അതിനിടെ ദക്ഷിണ കന്നട ജില്ലയിലെ ബന്ത്വാൾ, പുത്തൂർ, ബെൽതങ്ങാടി, സുള്ള്യ, കദബ താലൂക്കുകളിൽ നിരോധനാജ്ഞ ആഗസ്റ്റ് ആറുവരെ നീട്ടി.

Tags:    
News Summary - Surathkal murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.