പോസ്റ്റ്മോര്‍ട്ടത്തിന് സ്വകാര്യ ഫോറന്‍സിക് വിദഗ്ധരെ അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

ചെന്നൈ: ഐ.ടി എന്‍ജിനീയര്‍ സ്വാതി വധക്കേസില്‍  ജയിലില്‍ ആത്മഹത്യ ചെയ്ത പ്രതി പി. രാംകുമാറിന്‍െറ മൃതദേഹം സ്വകാര്യ ഫോറന്‍സിക് വിദഗ്ധന്‍െറ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന പിതാവിന്‍െറ ആവശ്യം സുപ്രീംകോടതി തള്ളി.  പോസ്റ്റ്മോര്‍ട്ടത്തിന് സ്വകാര്യ ഫോറന്‍സിക് വിദഗ്ധന്‍െറ സാന്നിധ്യം അനുവദിക്കാനാകില്ളെന്നും  ഇത് തെറ്റായ രീതിയാണെന്നും സുപ്രീംകോടതി ജസ്റ്റിസ് ജെ.എസ്. ഖേര്‍ വിധിച്ചു. മദ്രാസ് ഹൈകോടതി തീര്‍പ്പാക്കിയ വിഷയമാണ് മേല്‍കോടതിയില്‍ എത്തിയത്.

രാംകുമാറിന്‍െറ പോസ്റ്റ്മോര്‍ട്ടം വേളയില്‍ ഡല്‍ഹി എയിംസിലെ ഡോക്ടറുടെ സാന്നിധ്യമാകാമെന്ന് മുമ്പ് കേസ് പരിഗണിച്ച മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ നിര്‍ദേശിക്കുന്ന സ്വകാര്യ വിദഗ്ധനെ അനുവദിക്കാന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പിതാവ് പരമശിവം സുപ്രീംകോടതിയില്‍ എത്തിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ സര്‍ക്കാറും ഉത്തരവാദികളാണെന്നും സര്‍ക്കാറിന്‍െറ ഭാഗമായ ഡോക്ടര്‍മാര്‍ പക്ഷപാതപരമായി പെരുമാറുമെന്നും ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

 സുനന്ദ പുഷ്കറുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ എയിംസില്‍നിന്നുള്ള വിദഗ്ധരും സ്വാധീനങ്ങള്‍ക്ക് വിധേയമായ ചരിത്രം ഉണ്ടെന്നും അതിനാല്‍ തങ്ങള്‍ നിര്‍ദേശിക്കുന്നവരെ നിയോഗിക്കണമെന്നും പരമശിവം ആവശ്യപ്പെട്ടു. മദ്രാസ് ഹൈകോടതി മുന്നോട്ടുവെച്ച വിദഗ്ധ ഡോക്ടര്‍മാരുടെ പട്ടികയില്‍നിന്ന് താല്‍പര്യമുള്ളവരെ തെരഞ്ഞെടുക്കാമെന്നും എയിംസില്‍നിന്നുള്ളവരെ നിയോഗിക്കാമെന്നുമുള്ള നിര്‍ദേശവും രാംകുമാറിന്‍െറ കുടുംബം അംഗീകരിച്ചില്ളെന്ന് തമിഴ്നാട് സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. ഹൈകോടതി തീര്‍പ്പിന്‍െറ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ ഒന്നിനുമുമ്പ് രാംകുമാറിന്‍െറ പോസ്റ്റ്മോര്‍ട്ടം നടക്കും.

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.