ന്യൂഡൽഹി: ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കാത്തതിലൂടെ എന്ത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് മുൻ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനോട് സുപ്രീംകോടതി. ലോക്സഭയിലെ അയോഗ്യത നീക്കാൻ എന്തുകൊണ്ടാണ് ഭരണഘടനയുടെ 226ാം അനുഛേദ പ്രകാരം കേരള ഹൈകോടതിയെ സമീപിക്കാതിരുന്നതെന്ന ചോദ്യവും എൻ.സി.പി നേതാവിനോട് കോടതി ഉന്നയിച്ചു.
തുടർന്ന് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് ഫൈസലിന്റെ ഹരജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. വധശ്രമ കേസിൽ കവരത്തി കോടതിയുടെ കുറ്റവും ശിക്ഷയും കേരള ഹൈകോടതി സ്റ്റേ ചെയ്തിട്ടും ലോക്സഭ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്ത ലോക്സഭ സെക്രട്ടേറിയറ്റ് നടപടി ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജിയുടെ കാര്യം അഭിഭാഷകൻ പരാമർശിച്ചപ്പോഴാണ് സുപ്രീംകോടതി ഈ ചോദ്യങ്ങളുന്നയിച്ചത്.
ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാത്തതിനാൽ തന്റെ മണ്ഡലത്തെ പ്രതിനിധാനംചെയ്യാനുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും കേരള ഹൈകോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഹൈകോടതിയെ സമീപിക്കാതെ സുപ്രീംകോടതിയിൽ വന്നതെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
കേസുകളുടെ തിരക്ക് കാരണം ചൊവ്വാഴ്ച പരിഗണിക്കാതിരുന്ന ഹരജി ബുധനാഴ്ച തന്നെ പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈകോടതി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സമർപ്പിച്ച ഹരജിക്കൊപ്പമാണ് ലോക്സഭ സെക്രട്ടറി ജനറലിനെതിരായ ഫൈസലിന്റെ ഹരജിയും പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.