ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണ (എസ്.ഐ.ആർ)ത്തിനെതിരെ ഹരജികളുമായി കൂടുതൽ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. ഡി.എം.കെക്ക് പിന്നാലെ തമിഴ്നാട്ടിൽനിന്ന് സി.പി.എം സംസ്ഥാന ഘടകവും പശ്ചിമ ബംഗാളിൽനിന്ന് കോൺഗ്രസുമാണ് ഒടുവിൽ ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്.
ബിഹാറിലെ എസ്.ഐ.ആറിനെതിരെയുള്ള ഹരജിയിൽ വാദം കേൾക്കുന്ന ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മറ്റു സംസ്ഥാനങ്ങളിലെ ഹരജികളും ചൊവ്വാഴ്ച പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും എസ്.ഐ.ആർ ആരംഭിച്ചതിനാൽ അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ബിഹാർ എസ്.ഐ.ആറിനെതിരായ ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനെ (എ.ഡി.ആർ) പ്രതിനിധാനംചെയ്ത് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
കൊൽക്കത്ത: വോട്ടർപട്ടിക തീവ്രപരിഷ്‍കരണം (എസ്.ഐ.ആർ) ഉടൻ നിർത്തിവെക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വോട്ട് തടയാനുള്ള നീക്കമാണ് ഇതെന്നും ഈ പ്രക്രിയ ഉടൻ നിർത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എസ്.ഐ.ആർ നടത്താനുള്ള തിടുക്കം എന്തിനെന്ന് മനസ്സിലാകുന്നില്ല. കേന്ദ്ര സർക്കാർ എസ്.ഐ.ആറിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കുകയാണ്. മുമ്പ് നോട്ട് നിരോധനം ആയിരുന്നത് ഇപ്പോൾ ‘വോട്ട് നിരോധനം’ ആണ്. ഇത് സൂപ്പർ അടിയന്തരാവസ്ഥയുടെ മറ്റൊരു രൂപമാണ്’’- മമത സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വോട്ടർപട്ടിക പരിഷ്കരണം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ല. ഇത് ബലപ്രയോഗത്തിലൂടെയാണ് നടത്തുന്നത്. എസ്.ഐ.ആറിനെതിരെ സംസാരിച്ചതിന് ബി.ജെ.പിക്ക് തന്നെ ജയിലിലടക്കാനോ കഴുത്തുമുറിക്കാനോ കഴിയും. എന്നാൽ, ജനങ്ങളുടെ വോട്ടവകാശം തടയരുത്- മമത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.