ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവയുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: പാർലമെന്‍റിലെ ചോദ്യക്കോഴ വിവാദത്തിൽ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺ​ഗ്രസ് എം.പി മഹുവ മൊയ്ത്ര സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി. ഭാട്ടി എന്നിവരുടെ ബെഞ്ചാണ് ഹരജി കേൾക്കുക. പുറത്താക്കാൻ പാർലമെന്‍റിന് അധികാരമില്ലെന്നും തന്‍റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നുമാണ് മഹുവ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.

പാർലമെന്‍റിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും സമ്മാനങ്ങളും കൈപ്പറ്റിയെന്ന ആരോപണത്തിനൊടുവിലാണ് മഹുവയെ സഭയിൽ നിന്ന് പുറത്താക്കിയത്. മഹുവയുടെ പാർലമെന്‍റ് ലോഗിൻ ഐഡിയും പാസ്​വേഡും ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ടായി. ഈ ആരോപണങ്ങൾ ശരിവെച്ച എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.

ലോക്സഭ ശബ്ദവോട്ടോടെയാണ് മഹുവയെ പുറത്താക്കാനുള്ള നടപടി അംഗീകരിച്ചത്. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ നടപടിയെടുത്തതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു.

ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നാണ് മഹുവ ഉന്നയിക്കുന്ന പ്രധാന വാദം. പരാതിക്കാരായ നിഷികാന്ത് ദുബൈ എം.പിക്കോ, മുന്‍ പങ്കാളി ആനന്ദ് ദെഹദ്രായിക്കോ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ പണം വാങ്ങിയെന്ന് ദര്‍ശന്‍ ഹിരാനന്ദാനി നല്‍കിയ സത്യവാങ്മൂലത്തിലും പറയുന്നില്ല. ഭൂരിപക്ഷം എം.പിമാരും ചോദ്യങ്ങള്‍ തയ്യാറക്കാന്‍ പാര്‍ലമെന്‍റ് പോര്‍ട്ടലിന്‍റെ ലോഗിന്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. അത് തടയാന്‍ നിയമങ്ങള്‍ നിലവില്ലാല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം. 

Tags:    
News Summary - Supreme Court To Hear Mahua Moitra's Challenge To Expulsion As MP Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.