സുപ്രീം കോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗബലം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുളള സുപ്രധാന തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 പേരുള്ള സുപ്രീം കോടതിയുടെ അംഗബലം 38 ആയി ഉയർത്താനാണ് തീരുമാനം.

ചീഫ് ജസ്റ്റിസിനെ കൂടാതെ നിലവിലുള്ള ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്ന് 37 ആയി വർധിപ്പിക്കും. ഇതോടെ ചീഫ് ജസ്റ്റിസ് അടക്കം ആകെ ജഡ്ജിമാരുടെ എണ്ണം 38 ആകും. ഈ തീരുമാനം നടപ്പിലാക്കുന്നതിനായി 'സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026' സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും.

സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറക്കുക, നീതിനിർവ്വഹണം വേഗത്തിലാക്കുക, കോടതിയുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. വർധിച്ചുവരുന്ന കേസുകൾ കൈകാര്യം ചെയ്യാൻ നിലവിലെ അംഗബലം തികയുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നടപടി. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെയുള്ള അധിക ശമ്പളവും മറ്റ് അനുബന്ധ ചെലവുകളും 'കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ'യിൽ നിന്ന് ലഭ്യമാക്കും.

ഇതിന് മുൻപ് 2019-ലാണ് ജഡ്ജിമാരുടെ എണ്ണം 31-ൽ നിന്ന് 34 ആയി ഉയർത്തിയത്. ഇന്ത്യൻ ഭരണഘടനയുടെ 124(1)-ാം അനുച്ഛേദം അനുസരിച്ച് സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിയമത്തിലൂടെ നിശ്ചയിക്കാൻ പാർലമെന്റിന് അധികാരമുണ്ട്. 1950-ൽ സുപ്രീം കോടതി നിലവിൽ വരുമ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ വെറും എട്ട് ജഡ്ജിമാർ മാത്രമാണുണ്ടായിരുന്നത്. കേസുകളുടെ വർധനവിന് അനുസൃതമായി 1956, 1960, 1977, 1986, 2008, 2019 എന്നീ വർഷങ്ങളിൽ അംഗബലം ഘട്ടംഘട്ടമായി വർധിപ്പിച്ചു.

Tags:    
News Summary - Supreme Court to have 38 judges; Union Cabinet approves increasing the strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.