മുൻ ചീഫ് ജസ്റ്റിസിന്റെ മക്കൾക്കെതിരായ നികുതി കേസ്; വീണ്ടും അന്വേഷിക്കാൻ സുപ്രീം കോടതി അനുമതി
ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് വൈ.കെ സബർവാളിന്റെ മക്കൾക്കെതിരായ ആദായനികുതി കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി. ഇവരുടെ വരുമാനം വീണ്ടും പരിശോധിക്കാൻ ആദായനികുതി വകുപ്പിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതിന് അനുമതി നൽകിയ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ജെ.ബി പർദിവാലയും കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
ചേതൻ സബർവാളും നിതിൻ സബർവാളും നൽകിയ ഹരജി തള്ളിയ കോടതി, 2015-ൽ ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് പൂർണമായും നിയമപരമാണെന്നും പറഞ്ഞു. 2008-09, 2009-10 കാലത്തെ വരുമാനത്തിലാണ് സംശയം ഉയർന്നത്. ഇരുവരും ഉൾപ്പെടെ നാല് പേർ ചേർന്ന് രണ്ട് വലിയ ഓഹരി ഇടപാടുകൾ നടത്തിയെന്നാണ് കേസ്. പവൻ ഇംപെക്സ് കമ്പനിയുടെ 7.5 ലക്ഷം ഓഹരികൾ 195 കോടി രൂപക്കും, എസ്‌വിഐഐടി സോഫ്റ്റ്‌വെയർ കമ്പനിയുടെ 2.5 ലക്ഷം ഓഹരികൾ 60 കോടി രൂപക്കും ജിവൈഎസ് റിയൽ എസ്റ്റേറ്റ് കമ്പനിക്കാണ് വിറ്റത്. ഈ തുക നാലായി വീതിച്ചാണ് ഇവർക്ക് ലഭിച്ചത്.
എന്നാൽ ഈ ഓഹരികൾക്ക് ഇത്രയും വിലയില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. കമ്പനികളുടെ പേരിലുള്ള ഭൂമിയുടെയും കെട്ടിടത്തിന്റെയും യഥാർത്ഥ വിലയെക്കാൾ പലമടങ്ങ് കൂടുതലാണ് ഓഹരികൾക്ക് ഈടാക്കിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതാണ് കേസിലെ പ്രധാന തെളിവായി കോടതി പരിഗണിച്ചത്. ഓഹരി വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് 2010-ൽ ഡൽഹിയിലെ സിക്കന്ദ്ര റോഡിൽ കോടികൾ വിലമതിക്കുന്ന സ്വത്തിന്റെ പകുതി ലേലത്തിലൂടെ ഇവർ സ്വന്തമാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. നോട്ടീസിന് വ്യക്തമായ കാരണങ്ങളും രേഖകളുമുണ്ടെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ആദായനികുതി വകുപ്പിന് അനുകൂലമായി വിധി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.