സിദ്ധരാമയ്യക്കെതിരായ ഒളികാമറ ഓപറേഷൻ; ഫോൺ കൈമാറിയത് കുമാരസ്വാമിയുടെ ഡൽഹിയിലെ വസതിയിലെന്ന് പൊലീസ്

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് നടത്തിയ ഒളികാമറ ഓപറേഷനിൽ ഉപയോഗിച്ച മൊബൈൽ ഫോൺ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽവെച്ചാണ് കൈമാറിയതെന്ന് ബംഗളൂരു പൊലീസ്. ഡൽഹിയിൽനിന്ന് വാങ്ങിയ ഫോൺ കുമാരസ്വാമിയുടെ വസതിയിൽവെച്ച് പ്രജ്വൽ പ്രസാദിന് കൈമാറിയതായി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ അറസ്റ്റിലായ റിതേഷ് പാണ്ഡെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രജ്വൽ പ്രസാദിന്റെ നിർദേശപ്രകാരം റിതേഷ് പാണ്ഡെയും വിനോദ് ശർമയും ഡൽഹിയിലെ കരോൾ ബാഗിലുള്ള കടയിൽനിന്ന് മൊബൈൽ ഫോൺ വാങ്ങുകയായിരുന്നു. തുടർന്ന് കുമാരസ്വാമിയുടെ ഔദ്യോഗിക വസതിയിലെത്തി പ്രജ്വൽ പ്രസാദിന് ഫോൺ കൈമാറിയെന്നാണ് മൊഴി.

ഒളികാമറ ഓപറേഷന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒക്ടോബർ 24നാണ് ഡൽഹി സ്വദേശിയായ റിതേഷ് പാണ്ഡെയെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റാണിത്. ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) ഡൽഹിയിൽനിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്യുന്നതിനായി ബംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്നു. സിദ്ധരാമയ്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന രണ്ട് വിഡിയോകൾ സെപ്റ്റംബറിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിനെതിരെ സിദ്ധരാമയ്യ കോടതിയെ സമീപിക്കുകയും വിഡിയോകൾ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് നേടുകയും ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിലും പരാതി നൽകിയിരുന്നു.

അതേസമയം, കേന്ദ്രമന്ത്രി കുമാരസ്വാമിക്ക് കേസിൽ നോട്ടീസ് നൽകിയിട്ടുണ്ടോ, ഒളികാമറ ഓപറേഷനിൽ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്ക്, അന്വേഷണം തുടരുകയാണെന്നും ഇപ്പോൾ നിഗമനത്തിൽ എത്താനാകില്ലെന്നുമായിരുന്നു പൊലീസ് കമീഷണറുടെ മറുപടി. വിനോദ് ശർമയെയും പ്രജ്വൽ പ്രസാദിനെയും കണ്ടെത്തി ചോദ്യം ചെയ്തശേഷമേ സാമ്പത്തിക ഇടപാടുകളും ഓപറേഷനിൽ ഉൾപ്പെട്ടവരുടെ പങ്കും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kumaraswamy Residence Linked Sting Phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.