ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എട്ടുപേരെ കാണാതായി
ഡറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ കെദാർതാൽ ട്രക്കിങ്ങിനിടെ കാണാതായ ഏഴ് വിനോദസഞ്ചാരികളെയും ഒരു ഗൈഡിനെയും കണ്ടെത്താൻ സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. ഒക്ടോബർ 27ന് ഏഴ് ട്രക്കർമാരും ആറ് സഹായികളും ഉൾപ്പെടെ 13 പേരടങ്ങുന്ന സംഘമാണ് ഗംഗോത്രിയിൽനിന്ന് കെദാർതാലിലേക്ക് യാത്രതിരിച്ചത്. ഒക്ടോബർ 29ന് ഇവർ മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാൽ, മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും കാരണം സംഘത്തിന് തിരിച്ചെത്താനായില്ല.
പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഗംഗോത്രിയിൽനിന്നുള്ള ഒരു സംഘം കെദാർതാൽ മേഖലയിലെത്തിയെങ്കിലും കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും തുടർനീക്കങ്ങൾക്ക് തടസ്സമായി. ഇതേത്തുടർന്ന് ഹെലികോപ്ടർ ഉപയോഗിച്ച് ആകാശനിരീക്ഷണവും തിരച്ചിലും നടത്താൻ എസ്.ഡി.ആർ.എഫ് തീരുമാനിച്ചു. പ്രത്യേക പർവതാരോഹക സംഘത്തെയും തിരച്ചിൽ ദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്. അതിനിടെ കാണാതായവരിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.