ഇന്ത്യാവിരുദ്ധനായ ആഭ്യന്തരമന്ത്രിയുടെ ‘ഉപദേശം’ കേൾക്കാൻ എന്തിന് സമയം പാഴാക്കണം? -അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് പവൻ ഖേര
ന്യൂഡൽഹി: ദില്ലി ചലോ മാർച്ചിലെ വൻ ജനപങ്കാളിത്തത്തിന് പിന്നാലെ, കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. ജനവിരുദ്ധനും ഇന്ത്യാവിരുദ്ധനുമായ ഒരു ആഭ്യന്തരമന്ത്രിയുടെ പ്രസംഗം കേട്ട് ഞങ്ങൾ എന്തിന് സമയം പാഴാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അമിത് ഷാ കോൺഗ്രസിനെ കുറിച്ച് വീണ്ടും ഒരു ‘ഉപദേശപ്രസംഗം’ നടത്തിയെന്നാണ് കേൾക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം കേൾക്കാൻ അവസരമുള്ളപ്പോൾ, ജനവിരുദ്ധനും ഇന്ത്യാവിരുദ്ധനുമായ ഒരു ആഭ്യന്തരമന്ത്രിയുടെ പ്രസംഗം കേട്ട് ഞങ്ങൾ എന്തിന് സമയം പാഴാക്കണം? രാംലീല മൈതാനത്ത് ഉയർന്ന ജനങ്ങളുടെ ഗർജനം ആഭ്യന്തരമന്ത്രിയുടെ ശബ്ദത്തെ നിഷ്പ്രഭമാക്കി. അധികം വൈകാതെ അദ്ദേഹത്തിന്റെ അധികാരക്കസേരയും കാറ്റിൽ പറന്നുപോകും!’ -പവൻ ഖേര ട്വിറ്ററിൽ കുറിച്ചു.
‘വോട്ട് ചോരിക്കെതിരെ ശബ്ദമുയർത്താൻ റെക്കോഡ് ജനപങ്കാളിത്തമായിരുന്നു. അണിനിരന്ന എല്ലാവർക്കും നന്ദി. ജനങ്ങളുടെ ഈ വൻ മുന്നേറ്റം ജനാധിപത്യവും സത്യവും വിജയിക്കുമെന്ന് ഉറപ്പുനൽകുന്നു. 'ഇൻഡ്യ' വിജയിക്കും!’ -എന്ന കുറിപ്പോടെ രാഹുൽ ഗാന്ധി ചെയ്ത ട്വീറ്റ് ദില്ലി ചലോ മാർച്ചിന്റെ വിഡിയോ പങ്കുവെച്ചാണ് പവൻ ഖേരയുടെ കുറിപ്പ്.
പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം സഫലമാക്കാനാണ് രാഹുൽ ഗാന്ധി മോക് പാർലമെന്റ് സംഘടിപ്പിക്കുന്നതെന്നായിരുന്നു അമിത് ഷാ ഇന്നലെ പരിഹസിച്ചത്. 'നിങ്ങളുടെ മോക് പാർലമെന്റിൽ പ്രധാനമന്ത്രിയായി തുടരാം. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള സ്വപ്നം നടക്കില്ല' എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ചണ്ഡീഗഢിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ച ഷാ, അദ്ദേഹത്തിന്റെ 'മുഹബത്ത് കി ദുകാൻ' എന്ന രാഷ്ട്രീയ മുദ്രാവാക്യത്തെയും പരിഹസിച്ചു. സ്നേഹത്തിന്റെ കടയിൽനിന്ന് ലഭിക്കുന്നത് വെറുപ്പ് മാത്രമാണെന്നായിരുന്നു ഷായുടെ ആരോപണം. കഴിഞ്ഞ മൂന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായിട്ടില്ലെന്നും, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് ഇതേ അവസ്ഥയായിരിക്കുമെന്നും, കോൺഗ്രസ് വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.