ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുംബൈ മാളിലെ പ്രാർഥനാ മുറി പൊളിച്ചുനീക്കി
മുംബൈ: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മുംബൈ ഇൻഓർബിറ്റ് മാളിൽ പ്രവർത്തിച്ചിരുന്ന പ്രാർഥനാ മുറി അടച്ചുപൂട്ടുകയും പൊളിച്ചുനീക്കുകയും ചെയ്തതായി ആരോപണം. മാളിലെ നമസ്കാര മുറി പരിചയപ്പെടുത്തി രണ്ട് പെൺകുട്ടികൾ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും വുളൂഅ് (ശുദ്ധി വരുത്താനുള്ള സ്ഥലം) എടുക്കാനുള്ള സൗകര്യങ്ങളോടെ ക്രമീകരിച്ച പ്രാർഥനാ മുറിയെക്കുറിച്ച് പെൺകുട്ടികൾ വിശദീകരിക്കുന്നതായിരുന്നു വീഡിയോ. എന്നാൽ, സെക്കുലറിസത്തിന്റെ മറവിൽ മുംബൈയെ ഇസ്ലാമിക കേന്ദ്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ രംഗത്തെത്തുകയായിരുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ മണ്ണിൽ ഒരു മാളിനുള്ളിൽ ഹൈന്ദവ ആചാരങ്ങൾ ചെയ്യാൻ അനുവദിക്കുമോയെന്ന് ചോദിച്ച് 'സകൽ ഹിന്ദു സമാജ്' എന്ന കൂട്ടായ്മ ഒക്ടോബർ 30-ന് എക്സിൽ വീഡിയോ പങ്കുവെച്ചിരുന്നു.
എല്ലാ വിഭാഗം ആളുകളും എത്തുന്ന പൊതുസ്ഥലമായ മാളിൽ പ്രത്യേക പ്രാർഥനാ മുറി അനുവദിക്കാനാകില്ലെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകൾ മാളിന് മുന്നിൽ പ്രതിഷേധിക്കുകയും മുറി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ഒക്ടോബർ 31-ന് പ്രാർഥനാ മുറി ടൈലുകൾ തകർത്ത് പൊളിച്ചുനീക്കിയ നിലയിലുള്ള വീഡിയോ സകൽ ഹിന്ദു സമാജ് പുറത്തുവിട്ടു. എന്നാൽ, സംഭവത്തിൽ പ്രതികരിക്കാൻ മാൾ അധികൃതരോ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളിൽ എല്ലാ മതസ്ഥർക്കും തടസ്സമില്ലാതെ പ്രാർഥിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാറുണ്ടെന്നിരിക്കെയാണ് ഇൻഓർബിറ്റ് മാളിലെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.