സീ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രക്കെതിരായ കള്ളപ്പണ കേസ്; ഇ.ഡി അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: സീ (Zee) ഗ്രൂപ്പ് സ്ഥാപകനും എസ്സൽ ഗ്രൂപ്പ് ചെയർമാനുമായ സുഭാഷ് ചന്ദ്രക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ച് ഇ.ഡി. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ (എൽ.ഐ.സി.എച്ച്.എഫ്.എൽ) നിന്ന് എസ്സൽ ഗ്രൂപ്പിന് കീഴിലുള്ള രണ്ട് കമ്പനികൾ വായ്പയെടുത്തതുമായി ബന്ധപ്പെട്ടാണ് നടപടി. വായ്പകൾ തിരിച്ചടക്കാത്തതിനെ തുടർന്ന് എൽ.ഐ.സി.എച്ച്.എഫ്.എല്ലിന് 1,322 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.

ആഗസ്റ്റ് 31നാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തതായി ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. സുഭാഷ് ചന്ദ്ര രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. കേസിൽ സി.ബി.ഐ ഒന്നാം പ്രതിയായാണ് സുഭാഷ് ചന്ദ്രയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

എസ്സൽ ഗ്രൂപ്പിന് കീഴിലുള്ള രണ്ട് കമ്പനികൾക്ക് അനുവദിച്ച വായ്പകളാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. വസന്ത് സാഗർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന് 500 കോടി രൂപയും ഡിജിറ്റൽ സബ്സ്ക്രൈബർ മാനേജ്മെന്റ് ആൻഡ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് 480 കോടി രൂപയുമാണ് വായ്പയായി അനുവദിച്ചത്. വായ്പകൾക്ക് സുഭാഷ് ചന്ദ്ര വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നു. വായ്പകൾ അനുവദിക്കുന്ന സമയത്ത് സുഭാഷ് ചന്ദ്ര സമർപ്പിച്ച രേഖകളാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുന്നത്.

2017ലെ കണക്കുകൾ പ്രകാരം തന്‍റെ ആസ്തിമൂല്യം 59,113 കോടി രൂപയാണെന്ന് 500 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട് സമർപ്പിച്ച സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിരുന്നു. 480 കോടി രൂപയുടെ വായ്പക്കായി 2018ൽ സമർപ്പിച്ച മറ്റൊരു സർട്ടിഫിക്കറ്റിൽ ആസ്തിമൂല്യം 40,562 കോടി രൂപയാണെന്നും അവകാശപ്പെട്ടിരുന്നു.

എന്നാൽ, പിന്നീട് നടന്ന നടപടികൾക്കിടെ ഈ കണക്കുകൾ സുഭാഷ് ചന്ദ്ര തന്നെ നിഷേധിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. 2024ൽ തന്റെ ആസ്തിമൂല്യം 31.79 കോടി രൂപ മാത്രമാണെന്നും 2017-18 കാലത്തുപോലും 40,000 കോടി രൂപയിൽ കൂടുതൽ ആസ്തിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നു.

വായ്പകൾ തിരിച്ചടക്കാത്തതിനെ തുടർന്ന് രണ്ട് അക്കൗണ്ടുകളും കിട്ടാക്കടമായി മാറി. ഇതോടെ എൽ.ഐ.സി ഹൗസിങ് ഫിനാൻസിന് 1,322 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. വായ്പകൾ അനുവദിക്കുന്നതിനായി ആസ്തിമൂല്യം പെരുപ്പിച്ചുകാട്ടുന്ന രേഖകൾ സമർപ്പിച്ചെന്നും വായ്പയെടുത്ത കമ്പനികളുമായി ചേർന്ന് തട്ടിപ്പ് നടത്തിയെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. മൂന്ന് കമ്പനികൾ, രണ്ട് വ്യക്തികൾ, മറ്റ് അജ്ഞാതർ എന്നിവരെയും കേസിൽ പരാമർശിച്ചിട്ടുണ്ട്. അതേസമയം, സുഭാഷ് ചന്ദ്രക്കെതിരായ അന്വേഷണവുമായി കമ്പനിക്ക് ബന്ധമില്ലെന്ന് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് വ്യക്തമാക്കി.

 
Tags:    
News Summary - Essel Group Loan Scam Investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.