നിലേകനി സമിതി റിപ്പോർട്ട് വൈകും; സമയപരിധി നീട്ടിനൽകി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ സംവിധാനം പരിഷ്കരിക്കാൻ നിയോഗിച്ച നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതി 2027 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിക്കും. സമയപരിധി നീട്ടി നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ആരോപണത്തെ തുടർന്ന് ജൂലൈ 25ന് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ വൻ പ്രതിഷേധത്തിന് പിന്നാലെയാണ് സമിതി രൂപീകരിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. പരീക്ഷാ സംവിധാനത്തിലെ പോരായ്മകൾ പഠിച്ച് ചോദ്യപേപ്പർ ചോർച്ച തടയാനും മത്സര പരീക്ഷകളിലെ വിശ്വാസ്യത വീണ്ടെടുക്കാനുമുള്ള നടപടികൾ നിർദേശിക്കുകയാണ് സമിതിയുടെ ദൗത്യം.

വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിഷയ വിദഗ്ധർ, പരീക്ഷാ നടത്തിപ്പ് ഏജൻസികൾ എന്നിവരിൽ നിന്നായി 50,000-ലേറെ നിർദേശങ്ങളാണ് സമിതിക്ക് ഇതുവരെ ലഭിച്ചത്. വിവിധ കക്ഷികളുമായുള്ള കൂടിയാലോചനകൾ തുടരുകയാണെന്നും പുരോഗതി സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 2027 ഒക്ടോബറിലായിരുന്നു റിപ്പോർട്ട് പ്രതീക്ഷിച്ചിരുന്നത്.

അതേസമയം 2024-ലെ നീറ്റ് ചോർച്ചക്ക് ശേഷം രൂപീകരിച്ച മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. രാധാകൃഷ്ണൻ സമിതിയുടെ ശുപാർശകളും നിലേകനി സമിതി പരിഗണിക്കുന്നുണ്ട്. രാധാകൃഷ്ണൻ സമിതി 2024 ഒക്ടോബറിൽ ശുപാർശകൾ സമർപ്പിക്കുകയും അവ നടപ്പാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ ഉന്നതതല സ്റ്റിയറിംഗ് സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ നടപടികൾ പുരോഗമിക്കുന്നതിനിടെ വീണ്ടും നീറ്റ് ചോർച്ചാ ആരോപണം ഉയർന്നതോടെയാണ് നീറ്റ് ഇനി കമ്പ്യൂട്ടർ മുഖേന നടത്താൻ കേന്ദ്രം തീരുമാനിച്ചത്. പേന-പേപ്പർ രീതിക്ക് പകരം ഹൈബ്രിഡ് മാതൃകയിലേക്കും ഘട്ടങ്ങളായുള്ള പരീക്ഷയിലേക്കും മാറണമെന്ന് രാധാകൃഷ്ണൻ സമിതി നിർദേശിച്ചിരുന്നു.

നിലേകനിക്ക് പുറമെ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, മുൻ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ഡെക്ക, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോട്ടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്ധൻ അമൃത് ലാൽ മീണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

Tags:    
News Summary - Exam System Reforms Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.