'കശ്മീരിനെപ്പോലെ മനോഹരം'; പക്ഷേ വിഷഭൂമി! രാജസ്ഥാനിലെ മാർബിൾ മാലിന്യക്കൂമ്പാരം വിനോദസഞ്ചാര കേന്ദ്രമാകുമ്പോൾ

കിഷൻഗഢ് (രാജസ്ഥാൻ): സോഷ്യൽ മീഡിയ റീലുകളിലും പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടുകളിലും മനോഹരമായ കശ്മീർ താഴ്‌വരയെപ്പോലെ തോന്നിപ്പിക്കുന്ന രാജസ്ഥാനിലെ കിഷൻഗഢിലെ മാർബിൾ മാലിന്യ നിക്ഷേപ കേന്ദ്രം പരിസരവാസികളായ ആയിരക്കണക്കിന് ഗ്രാമീണരുടെ ജീവനെടുക്കുന്ന വിഷമേഖലയായി മാറുന്നു. അജ്മീർ ജില്ലയിലെ 300 ഏക്കറിലധികം പരന്നുകിടക്കുന്ന ഈ മാർബിൾ സ്ലറി യാർഡ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നാണ്.

1,200-ഓളം വരുന്ന മാർബിൾ സംസ്കരണ യൂനിറ്റുകളിൽ നിന്നായി പ്രതിദിനം 1,000-ത്തോളം ടാങ്കറുകളിൽ പുറന്തള്ളുന്ന 5,500 ടണ്ണിലേറെ വരുന്ന മാലിന്യമാണ് ഇവിടുത്തെ കുളങ്ങളിലും കുന്നുകളിലും അടിയുന്നത്. ഭോഗിയാവാസ്, തോക്ര തുടങ്ങിയ ആറോളം ഗ്രാമങ്ങളിലായി ജീവിക്കുന്ന അയ്യായിരത്തോളം ആളുകളുടെ ആരോഗ്യത്തെയും ജീവിതമാർഗത്തെയും ഇത് സാരമായി ബാധിച്ചിരിക്കുന്നു. അന്തരീക്ഷത്തിൽ പറന്നുനടക്കുന്ന സൂക്ഷ്മമായ മാർബിൾ പൊടിപടലങ്ങൾ കാരണം കുഞ്ഞുങ്ങളും വയോധികരും അടക്കമുള്ള ഭൂരിഭാഗം ഗ്രാമീണരും വിട്ടുമാറാത്ത ഹൃദ്രോരോഗങ്ങൾക്കും ശ്വാസംമുട്ടലിനും ത്വക്ക് രോഗങ്ങൾക്കും ഇരയാവുകയാണെന്ന് സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് രാജസ്ഥാനിലെ എൻവയോൺമെന്റൽ സയൻസ് വിഭാഗം നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

മാലിന്യത്തിൽ നിന്നുള്ള കെമിക്കലുകൾ കലർന്ന് പ്രദേശത്തെ ഭൂഗർഭജലം തീർത്തും ഉപയോഗശൂന്യമായി മാറിയതോടെ കുടിവെള്ളത്തിൽ ഫ്ലൂറൈഡിന്റെ അളവ് ഉയരുകയും ആളുകളുടെ പല്ലുകൾ ദ്രവിച്ച് അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുകയാണ്. കൂടാതെ, മാർബിൾ തരികൾ കാറ്റിൽ പറന്ന് സമീപത്തെ കൃഷിയിടങ്ങളിൽ അടിയുന്നതോടെ മണ്ണിൽ ഈയം സിലിക്കേറ്റിന്റെ സാന്നിധ്യം അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന് മണ്ണ് വന്ധീകരിക്കപ്പെടുകയും കൃഷി പൂർണമായും നശിക്കുകയും ചെയ്യുന്നു.

മാർബിൾ സ്ലറി അനിയന്ത്രിതമായി തള്ളുന്നത് തടയണമെന്ന് നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ നിർദേശം നൽകിയിരുന്നെങ്കിലും ജനങ്ങളുടെ പരാതികളിൽ മലിനീകരണ നിയന്ത്രണ ബോർഡോ ഭരണകൂടമോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഗ്രാമീണരുടെ പരാതി. സഞ്ചാരികൾ മാസ്ക് പോലുമില്ലാതെ വിനോദത്തിനായി എത്തുന്ന ഈ 'വിഷഭൂമി'യിൽ നിന്നും യാർഡ് ഉടനടി മാറ്റണമെന്നും പ്രദേശവാസികൾക്കായി സൗജന്യ വൈദ്യസഹായ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Tags:    
News Summary - 'Beautiful Like Kashmir': Rajasthan's Marble Waste Dumping Yard Turns Into Popular Tourist Spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.