യുപി പിടിക്കാൻ ‘ജംഗിൾ രാജ്’ കാർഡുമായി ബിജെപി; വികസനം പറയാനൊന്നു​മില്ലേയെന്ന് എസ്പി

ലഖ്‌നോ: ഭരണതുടർച്ച ലക്ഷ്യമിട്ട് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്ന ബിജെപി, മുൻ അഖിലേഷ് യാദവ്-മുലായം സിംഗ് യാദവ് സർക്കാറുകളുടെ കാലത്തെ ‘ദുർഭരണവും’ ക്രമസമാധാന തകർച്ചയും ഓർമ്മിപ്പിച്ചുള്ള പ്രചാരണ തന്ത്രത്തിന് രൂപം നൽകുന്നു.

ഏകദേശം ഒരു ദശാബ്ദത്തോളമായി യുപി ഭരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം മുൻകാല സംഭവങ്ങളെ നിരന്തരം മുൻനിർത്തി കൊണ്ടുള്ള രാഷ്ട്രീയ പ്രചാരണമാണ് സംസ്ഥാനത്ത് സജീവമായിരിക്കുന്നത്. 2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ സർക്കാർ പരീക്ഷിച്ച അതേ ‘ജംഗിൾ രാജ്’ ഓർമ്മപ്പെടുത്തൽ തന്ത്രം തന്നെയാണ് യുപിയിലും ബി.ജെ.പി പയറ്റുന്നത്.

കഴിഞ്ഞ ആഴ്ച കാൺപൂരിലെ ബിത്തുർ നടന്ന റാലിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ 45 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഭൂരിഭാഗവും മാറ്റിവെച്ചത് സമാജ്‌വാദി പാർട്ടി (എസ്പി) സർക്കാരിന്റെ കാലത്തെ വിമർശിക്കാനായിരുന്നു. മുസ്‍ലിം പ്രീണനം, നിരന്തരമായ വർഗീയ കലാപങ്ങൾ, ക്രമസമാധാനത്തകര്‍ച്ച, ഹിന്ദു സംസ്കാരത്തോടുള്ള അവഗണന എന്നിവ എസ്.പി സർക്കാരിന്റെ കാലത്തുണ്ടായിരുന്നതായി അദ്ദേഹം ആരോപിച്ചു. തന്റെ സർക്കാരിന്റെ കാലത്തെ അയോധ്യ രാമക്ഷേത്ര നിർമാണവും മറ്റ് ഹൈന്ദവ ആരാധനാലയങ്ങളുടെ നവീകരണവുമായും അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു.

ലഖ്‌നോവിൽ നടന്ന ബിജെപിയുടെ സംസ്ഥാന കാര്യാനിർവാഹക യോഗത്തിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, 1990ലെ മുലായം സിങ് യാദവ് സർക്കാരിന്റെ കാലത്തേക്ക് ശ്രദ്ധ തിരിച്ചു. 1990 ഒക്ടോബർ 30ന് അയോധ്യയിൽ കർസേവകർക്ക് നേരെ നടന്ന ​പൊലീസ് വെടിവെപ്പ് അനുസ്മരിച്ച അമിത് ഷാ, രാമക്ഷേത്ര നിർമാണത്തെ ചൂണ്ടിക്കാണിക്കുകയും എസ്പി അധ്യക്ഷന്റെ ‘മൂന്നാം തലമുറ’ പോലും ഈ സംഭവങ്ങൾ പൊറുക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

യോഗി സർക്കാറിന്റെ പത്തുവർഷത്തെ ഭരണനേട്ടങ്ങൾക്കൊപ്പം തന്നെ സമാജ്‌വാദി പാർട്ടി ഭരണകാലത്തെ ഓർമപ്പെടുത്തുന്ന പ്രചാരണത്തിനാണ് ബി.ജെ.പി മുൻഗണന നൽകുന്നത്.

ഒക്ടോബർ 19ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എസ്.പിയുടെ ഗുണ്ടായിസവും മാഫിയാ ഭരണവും യു.പിയിലേക്ക് തിരികെ വരില്ലെന്ന് വ്യക്തമാക്കി.

ഗുണ്ടാ നേതാവ് അതിഖ് അഹമ്മദിന്റെ അനധികൃത സ്വത്ത് കണ്ടുകെട്ടിയതും ഇന്നത്തെ ടൂറിസം കുതിപ്പും മുൻകാലങ്ങളിലെ അവസ്ഥയുമായി കോർത്തിണക്കിയുള്ള പരസ്യങ്ങളുമാണ് പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രചരിപ്പിക്കുന്നത്.

എന്നാൽ, ബി.ജെ.പിയുടെ ഈ തന്ത്രത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി രംഗത്തുവന്നു. തങ്ങളുടെ ഭരണകാലത്തെ നേട്ടങ്ങൾ ജനങ്ങളോട് പറയുന്ന എസ്.പി, ബി.ജെ.പിയുടെ പക്കൽ സ്വന്തം സർക്കാരിന്റെ നേട്ടങ്ങൾ പറയാൻ ഇല്ലാത്തതുകൊണ്ടാണ് വീണ്ടും പഴയ ചരിത്രം കുഴിച്ചെടുക്കുന്നതെന്ന് കുറ്റപ്പെടുത്തി.

‘ബി.ജെ.പി പുറത്തെടുക്കുന്ന ഈ ചരിത്ര സൂത്രവാക്യത്തിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. യോഗി സർക്കാരിനേക്കാൾ മികച്ചതായിരുന്നു അഖിലേഷ് ജിയുടെ ഭരണം. 2024ലെ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന എം.എൽ.സി തിരഞ്ഞെടുപ്പിലും ജനം ഈ നരേറ്റീവിനെ തള്ളിക്കളഞ്ഞതാണ്’ എന്ന് എസ്.പി രാജ്യസഭാ എം.പി ജാവേദ് അലി വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ യഥാർഥ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് തെരഞ്ഞെടുപ്പിനെ വർഗീയവൽക്കരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് എസ്പി വക്താവ് ഫഖ്റുൽ ഹസനും ആരോപിച്ചു.

Tags:    
News Summary - BJP plays Jungle Raj card for UP polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.