സുപ്രീംകോടതി
ന്യൂഡൽഹി: രാമക്ഷേത്രക്കൊള്ള റിപ്പോർട്ട് ആദ്യം പുറത്തുവിട്ട മാധ്യമപ്രവർത്തകരിൽ ഒരാളായ അഭിഷേക് ഉപാധ്യായക്കെതിരെയുള്ള ഉത്തർപ്രദേശ് പൊലീസ് കേസിൽ ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. മാധ്യമപ്രവർത്തകനെതിരെ യു.പി പൊലീസ് നടത്തുന്ന അറസ്റ്റടക്കമുള്ള നടപടികൾ കോടതി തടഞ്ഞു. മാത്രമല്ല, ഭാവിയിൽ അദ്ദേഹത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തേക്കാവുന്ന ഏത് എഫ്.ഐ.ആറുകൾക്കും ഈ ഇടക്കാല സംരക്ഷണം ബാധകമായിരിക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് മാധ്യമപ്രവർത്തകന് നൽകണമെന്ന് കോടതി പൊലീസിന് നിർദേശം നൽകി. എഫ്.ഐ.ആർ പകർപ്പ് ലഭിച്ച ശേഷം ഉചിതമായ ഇളവുകൾക്കായി അദ്ദേഹത്തിന് അലഹബാദ് ഹൈകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എഫ്.ഐ.ആർ കൈമാറിയതുമായി ബന്ധപ്പെട്ട് കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കാൻ ഗാസിയാബാദ് പൊലീസ് കമ്മീഷണറോട് അടുത്ത വാദം കേൾക്കുന്ന തീയതിയായ സെപ്റ്റംബർ 7-നകം ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അയോദ്ധ്യ സംഭാവന തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് താനാണെന്നും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ കേസ് സി.ബി.ഐ പോലെയുള്ള സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പ്രദീപ് റായ് വാദിച്ചു. പൂർണമായ എഫ്.ഐ.ആർ പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
തെറ്റായതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സ്വതന്ത്രമായ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തിയതിന് തന്നെ ഉപദ്രവിക്കാനുള്ള ശ്രമമാണിതെന്നും അഭിഷേക് ഉപാധ്യായ ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 18-ന് ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.