‘ഹിന്ദുസ്ഥാൻ ആരുടെയും തറവാട്ടുസ്വത്തല്ല’; നേഹ സിങിന്റെ ഗാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഭോജ്പുരി നാടോടി ഗായികയും പ്രശസ്ത രാഷ്ട്രീയ ഹാസ്യകലാകാരിയുമായ നേഹ സിങ് റാത്തോഡിന്റെഹിന്ദുസ്ഥാൻ ആരുടെയും തറവാട്ടുസ്വത്തല്ല’ എന്ന പുതിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച ഈ ഗാനം ഇതിനകം തന്നെ ദശലക്ഷ കണക്കിന് ആളുകൾ കാണുകയും വൻ ജനപ്രീതി നേടുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്യാനും പങ്കുവെക്കാനും രംഗത്തെത്തുന്നത്.

ഇന്ത്യയുടെ മതേതരത്വവും വൈവിധ്യവും ഉയർത്തിപ്പിടിക്കുന്നതാണ് ഗാനത്തിന്റെ വരികൾ. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന ഗാനം, രാജ്യത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വീരനായകന്മാരെ ഓർപ്പിക്കുന്നു. മൗലാനാ അബുൽ കലാം ആസാദ്, ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ, വിപ്ലവകാരി അഷ്ഫാഖുല്ല ഖാൻ തുടങ്ങിയ മഹദ്‌വ്യക്തികളെല്ലാം ഇവിടുത്തുകാരാണെന്നും, ഈ മണ്ണിൽ നിന്ന് ഒരു വിഭാഗത്തെയും ആട്ടിയകറ്റാൻ ആർക്കും കഴിയില്ലെന്നുമുള്ള ശക്തമായ സന്ദേശമാണ് വരികളിലൂടെ നേഹ നൽകുന്നത്.


Full View

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും രാജ്യത്തിന്റെ സുരക്ഷയിലും എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ പങ്കാളികളാണെന്ന യാഥാർഥ്യം വിളിച്ചോതുന്ന ഈ ഗാനം നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നാണ് നെറ്റിസൺസ് വിലയിരുത്തുന്നത്.

1997ൽ ബിഹാറിലാണ് നേഹ ജനിച്ചത്. കാൺപൂർ സർവ്വകലാശാലയിൽനിന്നും ബിരുദം നേടി. 2018ഓടെയാണ് നേഹ നാടോടി ഗാനങ്ങൾ പാടിത്തുടങ്ങുന്നത്. തുടർന്ന് 2020ലെ കോവിഡ് ലോക്ക്ഡൗൺ കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങൾ കണ്ട് അതിനെതിരെ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും ശക്തമായ ജനകീയ പാട്ടുകൾ പാടാൻ തുടങ്ങി.

2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ ‘ബിഹാറിൽ എന്താണുള്ളത്?’, 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ ‘യു.പിയിൽ എന്താണുള്ളത്?’എന്നീ ഗാനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇവ ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.

കൂടാതെ തൊഴിലില്ലായ്മക്കെതിരെയുള്ള ‘റോസ്ഗാർ ഗീത്’ എന്ന ഗാനവും ഏറെ പ്രശസ്തമാണ്.സാരിയും തിലകവും ചാർത്തിയുള്ള ലളിതമായ നാടൻ ലുക്കിലാണ് നേഹ പാട്ടുകൾ പാടുന്നത്. എന്നാൽ അവരുടെ വരികൾ ഭരണകൂടങ്ങളെയും അധികാരികളെയും ചോദ്യം ചെയ്യുന്ന മൂർച്ചയേറിയ രാഷ്ട്രീയ വിമർശനങ്ങൾ നിറഞ്ഞതാണ്. പരമ്പരാഗത ഭോജ്‌പുരി കവികളായ ഭിഖാരി താക്കൂർ, മഹേന്ദർ മിസിർ എന്നിവരാണ് തന്റെ പ്രധാന പ്രചോദനമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

ശക്തമായ ഭരണകൂട വിമർശനം കാരണം ഇവർക്ക് അധികാരികളിൽനിന്നും പൊലീസിൽനിന്നും നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. യുപിയിലെ ബുൾഡോസർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ ഒരു ദുരന്തത്തെ വിമർശിച്ചുള്ള ഗാനം പാടിയതിന് 2023 ഫെബ്രുവരിയിൽ ഉത്തർപ്രദേശ് പൊലീസ് ഇവർക്ക് നിയമപരമായ കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി. എങ്കിലും താൻ ഭയപ്പെടില്ലെന്നും ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി തുടർന്നും പാടുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Neha Singh Rathore's Hindustan Song Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.